റിയൽ കേരള സൂപ്പർ കപ്പ് 2023 ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കം
text_fieldsജിദ്ദ: ജിദ്ദയിൽ സംഘടിപ്പിക്കുന്ന നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് 2023 ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. വസീരിയയിലെ താവൂൻ ടർഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ ടൂർണമെന്റിൽ എ,ബി, ജൂനിയർ ഡിവിഷനുകളിൽ നിന്നായി 13 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പൂർണമായും സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ (സിഫ്) നിയമം അനുസരിച്ചു സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് എ ഡിവിഷനിൽ ട്രോഫിയും 7,000 റിയാലും റണ്ണേഴ്സിന് ട്രോഫിയും 5,000 റിയാലും ലഭിക്കും. ബി ഡിവിഷനിലെ വിജയികൾക്ക് ട്രോഫിയും 3,000 റിയാലും റണ്ണേഴ്സിന് ട്രോഫിയോടൊപ്പം 2,000 റിയാലും ലഭിക്കും.
ജൂനിയർ ടീം വിന്നേഴ്സിന് ട്രോഫിയും 2,000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 1,000 റിയാലും ലഭിക്കും. ജിദ്ദയിലെ പ്രധാനപ്പെട്ട അഞ്ച് ടീമുകൾ മാറ്റുരക്കുന്ന എ ഡിവിഷൻ മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലായിരിക്കും. ബി, ജൂനിയർ ഡിവിഷൻ മത്സരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലുമായിരിക്കും.
വെള്ളിയാഴ്ച വൈകീട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എ ഡിവിഷനിൽ നിന്നുള്ള കംപ്യൂടെക് ഐ.ടി സോക്കർ എഫ്.സിയും അബീർ ബ്ലൂ സ്റ്റാർ എഫ്.സിയും ഏറ്റുമുട്ടും. രാത്രി 10ന് എ ഡിവിഷനിലെ ഷറഫിയ ട്രേഡിങ് സബീൻ എഫ്.സിയും ബാഹി ഗ്രൂപ് ബ്ലാസ്റ്റേഴ്സ് എഫ്.സിയും മത്സരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂൺ 23വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 7.30, ഒമ്പത്, പത്ത് മണികളിൽ മൂന്ന് മത്സരം വീതം ഉണ്ടാകും. വിവിധ ടീമുകൾക്കുവേണ്ടി നാട്ടിൽ നിന്നുള്ള പ്രഗത്ഭ താരങ്ങളും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങളും ബൂട്ടണിയും. കളി വീക്ഷിക്കുന്നതിനായി കുടുംബങ്ങൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയതായും സംഘാടകർ അറിയിച്ചു.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഫിറോസ് ചെറുകോട്, ടൂർണമെന്റ് സ്പോൺസർമാരായ നഹ്ദ ഗ്രൂപ് മാനേജിങ് ഡയറക്ടർ നാസർ നാലകത്ത്, മാർക്കറ്റിങ് മാനേജർ മസൂദ് റഹ്മാൻ, ഫിനാൻസ് ഓഫിസർ ആദിൽ, റിയൽ കേരള ക്ലബ് ഡയറക്ടർമാരായ യാസർ അറഫാത്ത്, യഅ്കൂബ്, കൺവീനർ ബിജു ആക്കോട്, സി.സി. അബ്ദുൽ റസാക്ക് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.