വിദേശ തൊഴിലാളികൾക്ക് ആശ്വാസം; ശമ്പളമോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്തവർക്ക് ഇൻഷുറൻസ് പരിരക്ഷ
text_fieldsറിയാദ്: ശമ്പളമോ ടിക്കറ്റോ സർവിസാനുകൂല്യങ്ങളോ ലഭിക്കാത്ത വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതി. തൊഴിലുടമ വേതനവ്യവസ്ഥ ലംഘിക്കുന്നത് മൂലം ദുരിതത്തിൽപെടുന്ന തൊഴിലാളികൾക്ക് ആശ്രയമായി ‘ഇൻഷുറൻസ് പ്രോഡ്ക്ട്’ എന്ന പുതിയ ഇൻഷുറൻസ് പദ്ധതി ഒക്ടോബർ ആറ് മുതൽ പ്രാബല്യത്തിൽ വന്നു.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമ എന്തെങ്കിലും വീഴ്ച വരുത്തിയാൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കലാണ് ലക്ഷ്യം.
ഒരു പ്രവാസിക്ക് പരമാവധി 18,500 റിയാൽ വരെയുള്ള പരിരക്ഷയാണ് ലഭിക്കുക. ശമ്പളത്തിനും സർവിസ് ആനുകൂല്യങ്ങൾക്കും 17,500 റിയാൽ വരെയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് 1,000 റിയാൽ വരെയും ഇൻഷുറൻസിൽനിന്ന് ലഭിക്കും.
മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് വിദേശ തൊഴിലാളികളുടെ നിയമപരമായ അവകാശ സംരക്ഷണത്തിനായി ‘ഇൻഷുറൻസ് പ്രോഡ്ക്ട്’ എന്ന പേരിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. നിശ്ചിത സമയത്തേക്ക് വേതനം നൽകാൻ കഴിയാത്തതിെൻറ പേരിൽ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാവുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ പ്രതിസന്ധിക്ക് ഈ പദ്ധതി പരിഹാരമാവും.
ശമ്പള കുടിശ്ശികയും ഈ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടും. രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് ഈ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.
തൊഴിലുടമയുടെ കരാർ ലംഘനം മൂലം പ്രശ്നത്തിലാവുന്ന ഒരു വിദേശി തൊഴിലാളി ഫൈനൽ എക്സിറ്റിൽ സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ശമ്പള കുടിശ്ശികയും സർവിസ് ആനൂകല്യവും കൂടാതെ വിമാന ടിക്കറ്റും ഇൻഷുറൻസ് വഴി ലഭിക്കും.
നയങ്ങളിലൂടെയും നിയമനിർമാണത്തിലൂടെയും രാജ്യത്തെ തൊഴിൽ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ അവകാശങ്ങൾ സംരക്ഷിക്കുക, പ്രാദേശികവും അന്തർദേശീയവുമായ തൊഴിൽ വിപണിയുടെ ആകർഷണവും കാര്യക്ഷമതയും വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഇൻഷുറൻസ് പ്രോഡ്ക്ട് നടപ്പാക്കുന്നത്.
വേതന സംരക്ഷണ നിയമവും കരാറുകളുടെ ഡോക്യുമെേൻറഷനും ഉൾപ്പെടെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനങ്ങളുടെയും നടപടിക്രമങ്ങളുടെയും പാക്കേജിൽ ഉൾപ്പെടുന്നതാണ് ഇൻഷുറൻസ് പദ്ധതിയും. ഇൻഷുറൻസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.