ഇഖാമ കഴിഞ്ഞവർക്കും ഹുറൂബിലകപ്പെട്ടവർക്കും ആശ്വാസം; എംബസി മുഖേന എക്സിറ്റിൽ നാട്ടിൽ പോകാനുള്ള സൗകര്യം കൂടുതൽ പ്രദേശങ്ങളിലേക്ക്
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇഖാമ കാലാവധി കഴിയുകയോ ഹുറൂബ് ആവുകയോ ചെയ്തശേഷം ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന അൽ ഖസീം പ്രവിശ്യയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. തൊഴിലുടമയോ തൊഴിൽ സ്ഥാപനമോ നിതാഖാത് വ്യവസ്ഥ പ്രകാരം പച്ച ഗണത്തിലായിരുന്നാലും എംബസി വഴി ഇത്തരക്കാർക്ക് നാടണയാനാകും.
അൽ ഖസീം പോലുള്ള ചില പ്രവിശ്യകളിലെ ലേബർ ഓഫിസുകളിൽ തൊഴിലുടമ ചുവപ്പ് ഗണത്തിലായിരിക്കുകയോ ഹുറൂബിൽ പെടുകയോ ചെയ്തിരുന്ന പ്രവാസികൾക്ക് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യം പച്ച ഗണത്തിലുള്ളവർക്കും ലഭിച്ചുതുടങ്ങിയതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
റിയാദിന്റെ വിദൂര പ്രദേശങ്ങളിലുള്ളവർ അതിനായി സമയവും പണവും വിനിയോഗിച്ച് എംബസിയിലേക്ക് പോകേണ്ടതുമില്ല. റിയാദ് ഇന്ത്യൻ എംബസിയുടെ ഒദ്യോഗിക വെബ്സൈറ്റിൽ സാമൂഹിക ക്ഷേമ വിഭാഗവുമായി ബന്ധപ്പെട്ട ലിങ്കിലെ ഫൈനൽ എക്സിറ്റ് ഓപ്ഷനിൽ അപേക്ഷ സമർപ്പിക്കുകയേ വേണ്ടൂ. ആഴ്ചകൾക്കുള്ളിൽ തങ്ങൾ നിലകൊള്ളുന്ന പ്രദേശങ്ങളിലെ തൊഴിൽകാര്യ ഓഫിസുകൾ (മക്തബുൽ അമൽ), ജവാസത്, തർഹീൽ എന്നിവ വഴി ജയിൽവാസമൊന്നും കൂടാതെ നാട്ടിലെത്താം.
ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷകൾ എംബസി സാമൂഹിക ക്ഷേമ വിഭാഗം പരിശോധിക്കുകയും അൽ ഖസീമിന്റെ വിവിധ പ്രദേശങ്ങളിലെ തൊഴിൽകാര്യ ഓഫിസുകളുമായി ബന്ധപ്പെട്ട് തീർപ്പാക്കുകയും ചെയ്യും. ദമ്മാം, ജുബൈൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 15 ദിവസത്തിലൊരിക്കൽ സന്ദർശനം നടത്തുന്ന എംബസി സംഘം കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ്, മധ്യപ്രവിശ്യയിലെ അൽ ഖസീം തുടങ്ങിയ പ്രദേശങ്ങളിൽ മാസത്തിൽ ഒരുതവണ സന്ദർശനം നടത്തുന്നുണ്ട്.
ഈ ഘട്ടത്തിൽ അതത് പ്രദേശങ്ങളിലെ ഓഫിസുകളുമായി ബന്ധപ്പെട്ടാണ് എംബസി സഹായം ലഭ്യമാക്കുന്നത്. ഓൺലൈൻ ലിങ്ക് വഴി പരാതി സമർപ്പിക്കുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും തൊഴിലുടമയുടെ നാടും (ബുറൈദ, ഉനൈസ, അൽറസ്സ്) +966 542126704 എന്ന വാട്സ്ആപ് നമ്പറിൽ നൽകിയാൽ അപേക്ഷയിന്മേലുള്ള നടപടിയുടെ തൽസ്ഥിതി അറിയാം. ലേബർ ഓഫിസുകൾ വഴി ലഭിക്കുന്ന റെഫറൻസ് സ്ലിപ് വഴി അപേക്ഷകന് അതത് ജവാസത്തിൽനിന്നോ തർഹീലിൽനിന്നോ ഫൈനൽ എക്സിറ്റ് നേടാം.
റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ വരുന്ന സൗദി പ്രവാസികൾ https://cgijeddah.org/consulate/exitVisa/embreg.aspx എന്ന ലിങ്ക് മുഖേനയും ജിദ്ദ കോൺസുലേറ്റിന് കീഴിലുള്ളവർ https://cgijeddah.org/consulate/exitVisa/reg.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തിയുമാണ് ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.