അൺനോൺ ഡെസ്റ്റിനേഷൻ യാത്രാസംഘത്തിന് സ്വീകരണം
text_fieldsജിദ്ദ: കേരള രജിസ്ട്രേഷനുള്ള മഹീന്ദ്രാ ഥാർ ജീപ്പിൽ ലോകം ചുറ്റാനിറങ്ങിയ മുവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവര്‍ക്ക് ജിദ്ദ നാഷനൽ ആശുപത്രിയും എച്ച് ആൻഡ് ഇ ലൈവ് ചാനലും ചേർന്ന് സ്വീകരണം നൽകി. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രവർത്തകർ പങ്കെടുത്തു. ഡിസംബര്‍ ഏഴു മുതല്‍ ദുബൈയില്‍നിന്നാരംഭിച്ച യാത്ര ഫെബ്രുവരി ആദ്യ വാരത്തോടെ സൗദിയില്‍ പ്രവേശിച്ചു. റിയാദ്, ദമ്മാം എന്നിവ സന്ദർശിച്ചശേഷം ഇരുവരും ബഹ്‌റൈനിലെത്തി വീണ്ടും സൗദിയിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മക്കയിലെത്തി ഉംറ നിർവഹിച്ചശേഷമാണ് ഇവർ ജിദ്ദയിലെത്തിയത്.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തെ സംഘം സന്ദര്‍ശിച്ചിരുന്നു. സൗദിയിൽനിന്ന് ഖത്തറും ഒമാനും സന്ദര്‍ശിച്ചശേഷം റമദാനില്‍ മക്കയില്‍ തിരിച്ചെത്തി ഈദുൽ ഫിത്റിനുശേഷം ആഫ്രിക്കയിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇരുവരും അറിയിച്ചു.
ഗൾഫിലെ പ്രവാസി സുഹൃത്തുക്കളും സംഘടനകളും നല്‍കിവരുന്ന സ്വീകരണത്തിലും സഹായത്തിലും അതിയായ സന്തോഷമുണ്ടെന്നും മലയാളിയും പ്രവാസിയുമുള്ളിടത്തോളം ഒരു യാത്രയും പ്രയാസകരമാവില്ലെന്നും ജിദ്ദ നാഷനൽ ആശുപത്രിയിൽ നൽകിയ സ്വീകരണത്തിൽ ഇരുവരും പറഞ്ഞു. ജെ.എൻ.എച്ച് ചെയർമാൻ വി.പി. മുഹമ്മദലി, വൈസ് പ്രസിഡന്റ് മുഷ്താഖ് അലി, അഷ്‌റഫ്, ഹാരിസ് മമ്പാട്, എച്ച് ആൻഡ് ഇ ചാനൽ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്ര, ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ, കോഓഡിനേറ്റർ റാഫി ബീമാപള്ളി, ചീഫ് എഡിറ്റർ നസീർ വാവക്കുഞ്ഞ്, ടീമംഗങ്ങളായ അബ്ദുൽ മജീദ് നഹ, കബീർ കൊണ്ടോട്ടി, നാസർ കോഴിത്തൊടി, സലീന മുസാഫിർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.