ജിദ്ദയിലെ ഫോർമുല വൺ ട്രാക്കിന് അംഗീകാര മുദ്ര
text_fieldsജിദ്ദ: ജിദ്ദ കോർണിഷിൽ നിർമിച്ച ട്രാക്കിന് ഫോർമുല വൺ മത്സരത്തിനുള്ള ഔദ്യോഗിക അംഗീകാര മുദ്ര ലഭിച്ചു. ഫോർമുല വൺ മത്സര ഡയറക്ടറും സുരക്ഷാ കമ്മീഷണറുമായ മൈക്കൽ മാസ്സിയുടെ പരിശോധനക്ക് ശേഷമാണ് ഇന്ന് (വെള്ളിയാഴ്ച) ആരംഭിക്കുന്ന എസ്.ടി.സി ഫോർമുല വൺ സൗദി ഗ്രാൻറ് പ്രിക്സ് കാറോട്ട മത്സരത്തിനു വേദിയാകുന്ന കോർണിഷിലെ ട്രാക്കിന് അംഗീകാര മുദ്ര ലഭിച്ചത്. വ്യാഴാഴ്ചയാണ് മത്സര ഡയറക്ടർ ട്രാക്കിെൻറ അവസാനഘട്ട പരിശോധന നടത്തിയത്.
ഫോർമുല വൺ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്ന പരിശോധനാ പ്രക്രിയയിൽ മത്സര ട്രാക്കിെൻറയും അതിെൻറ ചുറ്റുപാടുകളുടെയും ഗുണനിലവാരവും വിലയിരുത്തിയിരുന്നു. ഫെഡറേഷൻ ഒാഫ് ഇൻറർനാഷനൽ ഓട്ടോമൊബൈൽ (എഫ്.െഎ.എ) ചുമത്തിയ കർശനമായ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തിയത്. ജിദ്ദ ട്രാക്കിന് 'എ' ഗ്രേഡ് ആണ് ലഭിച്ചിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര ട്രാക്കുകൾക്ക് നൽകുന്ന റാങ്കിൽ ഏറ്റവും ഉയർന്നതാണിത്. ഇതിലൂടെ ജിദ്ദ കോർണിഷിലെ ട്രാക്ക് ഫോർമുല വൺ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അർഹത നേടിയിരിക്കുകയാണ്. അടുത്തിടെ നടത്തിയ ഒന്നിലധികം സന്ദർശനങ്ങളിൽ ട്രാക്ക് നിർമാണത്തിൽ കണ്ട വലിയ പുരോഗതിലും വേഗതയിലും മൈക്കൽ മാസ്സി സന്തോഷം പ്രകടിച്ചിരുന്നു.
ജിദ്ദ കോർണിഷിലെ ഫോർമുല വൺ ട്രാക്കിെൻറ അവസാന പരിശോധനയിൽ അനുകൂല ഫലം നേടാനായതിലും ഔദ്യോഗിക അംഗീകാരത്തിലും സന്തോഷിക്കുന്നുവെന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷെൻറയും സൗദി മോട്ടോർ സ്‌പോർട്‌സ് കമ്പനിയുടെയും ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അബ്ദുല്ല അൽഫൈസൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും പുതിയതും വേഗതയേറിയതുമായ ട്രാക്ക് ഫോർമുല വൺ മത്സരത്തിനായി ഒരുക്കാനായതിൽ സന്തോഷമുണ്ട്. വെറും എട്ട് മാസം കൊണ്ടാണ് ഇൗ നിർമാണം പൂർത്തിയാക്കിയത്. എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനവും അർപ്പണബോധവും അടിവരയിടുന്നതാണ് ഈ നേട്ടം. ജിദ്ദയിലെ അവിസ്മരണീയമായ വാരാന്ത്യത്തിനായി കാത്തിരിക്കുകയാണെന്നും അമീർ ഖാലിദ് ബിൻ സുൽത്താൻ പറഞ്ഞു.
സൗദി അറേബ്യയിൽ ആദ്യമായി നടക്കുന്ന ഫോർമുല വൺ മത്സരത്തിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത് സൗദി മോട്ടോർ സ്പോർട്‌സ് കമ്പനിയാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയതും നീളമേറിയതുമായ ട്രാക്ക് റെക്കോർഡ് സമയത്തിനുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്. ഫോർമുല വണ്ണിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ട്രാക്കായി ജിദ്ദ ട്രാക്ക് മാറുന്നത് ഏറ്റവും പ്രധാനപ്പെട്ട നേട്ടമായാണ് കാണുന്നത്.
ഫോട്ടോ: ജിദ്ദ കോർണിഷിലൊരുക്കിയ ഫോർമുല വൺ ട്രാക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.