വിമാനയാത്രക്കാരുടെ എണ്ണത്തിലും അന്താരാഷ്ട്ര വിമാന സർവിസുകളിലും റെക്കോഡ് വളർച്ച
text_fieldsയാംബു: സൗദിയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിലും അന്താരാഷ്ട്ര വിമാന സർവിസുകളിലും റെക്കോഡ് വളർച്ച കൈവരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. 2023ൽ സൗദിയിലെ വിവിധ വിമാനത്താവളങ്ങൾ വഴി 61ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാർ 3,94,000 വിമാന സർവിസുകളിലൂടെ രാജ്യത്തെത്തിയതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
കഴിഞ്ഞ വർഷം രാജ്യത്തിന്റെ വിമാനത്താവളങ്ങളിലൂടെ 8,15,000 വിമാനങ്ങൾ എത്തിയതായും അതോറിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കി. 2022 നെ അപേക്ഷിച്ച് 26 ശതമാനം വളർച്ചനിരക്കാണ് കൈവരിച്ചത്. 16 ശതമാനം വർധന രേഖപ്പെടുത്തി. മണിക്കൂറിൽ 30 വിമാനങ്ങൾ എന്ന നിരക്കിൽ സൗദിയിലെ പ്രധാന വിമാനത്താവളങ്ങളുടെ പട്ടികയിൽ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട് ഒന്നാമതെത്തിയപ്പോൾ മണിക്കൂറിൽ 27 വിമാനങ്ങൾ എന്ന നിരക്കിൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തെത്തി. കിങ് ഫഹദ് ഇന്റർനാഷനൽ എയർപോർട്ടിലെ വിമാനങ്ങളുടെ എണ്ണം മണിക്കൂറിൽ 11 ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2023ൽ ആഭ്യന്തര വിമാനങ്ങൾ യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവിസുകളിലും ശ്രദ്ധേയ വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 4,21,000 ആഭ്യന്തര വിമാനങ്ങളിലൂടെ യാത്രക്കാരുടെ എണ്ണം ഏകദേശം 51 ദശലക്ഷത്തിലെത്തി. 2023 ൽ സൗദി വിമാനത്താവളങ്ങളിലെ വിമാന ചരക്കുനീക്കത്തിന്റെ അളവ് ഏഴ് ശതമാനത്തിലധികം വളർച്ചക്ക് സാക്ഷ്യംവഹിച്ചു. മൊത്തം 9,18,000 ടണ്ണാണിത്. 2022 ൽ ഇത് 8,54,000 ടണ്ണായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.