സൗദിയിൽ ഈ വർഷം പെയ്തത് റെക്കോഡ് മഴ
text_fieldsയാംബു: സൗദിയിൽ ഈ വർഷം പെയ്തത് റെക്കോഡ് മഴയാണെന്നും 40 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നതെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ഈ വർഷം ഏപ്രിലിൽ രാജ്യത്ത് പെയ്ത ശരാശരി മഴയുടെ അളവ് 31.81 മില്ലി മീറ്ററാണെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2022 ഏപ്രിലിൽ ശരാശരി മഴയുടെ അളവ് 9.23 മില്ലി മീറ്റർ ആയിരുന്നു.
അസീറിലെ ഷാബ് അഹ്മദ് പ്രദേശത്ത് ഏപ്രിൽ 14നാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്. ഏപ്രിൽ 25നാണ് ദിവസത്തിലെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 2023ൽ മഴ പെയ്ത ദിവസങ്ങളുടെ എണ്ണത്തിലും നല്ല വർധന ഉണ്ടായതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിൽ മാത്രം രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ മഴ പെയ്ത ദിവസങ്ങളുടെ എണ്ണം 26 ആയിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ അണക്കെട്ടുകളിൽ ലഭ്യമായ വെള്ളത്തിന്റെ തോതിലും മുൻ വർഷങ്ങളേക്കാൾ വൻ വർധന രേഖപ്പെടുത്തി.
അസീർ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. നിലവിലുള്ള അണക്കെട്ടുകളിൽ നിന്ന് ലഭിക്കുന്ന ജലത്തിന്റെ അളവ് 118 ദശലക്ഷം ഘനമീറ്ററിലെത്തി. സൗദിയിൽ 146 അണക്കെട്ടുകളിൽ മഴവെള്ളം സംഭരിക്കാൻ കഴിഞ്ഞതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ജല മന്ത്രാലയത്തിനും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനും വേണ്ടി 353 റീഡിങ്ങുകൾ രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ബന്ധപ്പെട്ടവർ വിശദവിവരങ്ങൾ ട്വീറ്റ് ചെയ്തു.
കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ജലവിതരണ സംവിധാനങ്ങൾക്ക് മഴമൂലം ഏറെ ഫലം ലഭിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ കാർഷിക പുരോഗതിക്കും അണക്കെട്ടുകളിലെ വെള്ളത്തിന്റെ സംഭരണ ശേഷിക്കും മഴമൂലം വൻ നേട്ടം കൈവരിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.