സൗദിയിലേക്ക് ഭിക്ഷാടനത്തിന് റിക്രൂട്ട്മെൻറ്; വിദേശ എയർപോർട്ടുകളിൽ നിരീക്ഷണം ശക്തം
text_fieldsറിയാദ്: ഉംറ വിസ ഉൾപ്പെടെയുള്ള സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തി ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം പാകിസ്താനിലെ മുൾത്താൻ വിമാനത്താവളത്തിൽനിന്ന് സൗദിയിലേക്ക് പുറപ്പെടാനെത്തിയ 16 അംഗ സംഘത്തെ പിടികൂടിയതോടെയാണ് ഈ രീതിയിലും ആളുകൾ ഭിക്ഷയാചിക്കാൻ സൗദിയിലേക്ക് പുറപ്പെടുന്നുണ്ടെന്ന് വെളിവായത്. സംശയം തോന്നി എയർപോർട്ട് ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
സൗദിയിലുള്ള ഏജൻറ് ഭിക്ഷാടനത്തിനുവേണ്ടി റിക്രൂട്ട് ചെയ്തുകൊണ്ടുപോകാൻ എത്തിച്ചതാണ്. രേഖകൾ പരിശോധിച്ചപ്പോൾ ഏജൻറുമാർ ഉംറ വിസയിലാണ് ഭിക്ഷാടകർക്കുള്ള യാത്ര ഒരുക്കിയിട്ടുള്ളതെന്ന് മനസ്സിലായി. താമസമുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സൗദിയിൽ ഒരുക്കിയിട്ടുണ്ടെന്ന ഉറപ്പും ഇവർക്ക് നൽകിയിട്ടുണ്ടെന്ന് ഇവരെ കസ്റ്റഡിയിലെടുത്ത ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) വ്യക്തമാക്കി. ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ തുടങ്ങിയ തരം ആളുകളെയാണ് ഈയാവശ്യത്തിന് റിക്രൂട്ട് ചെയ്യുന്നത്.
സൗദിയിലെത്തിച്ചാൽ നഗരതെരുവുകളിലും ട്രാഫിക് സിഗ്നലുകളിലും പള്ളിപരിസരങ്ങളിലുമെല്ലാമാണ് വിന്യസിക്കുന്നത്. കുഞ്ഞുങ്ങളെ തോളിലേന്തി പാലിന് പണം തരുമോ എന്ന് യാചിക്കുന്ന സ്ത്രീകൾ, മരുന്നിന് പണമില്ലെന്ന് പറഞ്ഞു കരയുന്ന വൃദ്ധർ, ജോലിക്കു പോകാൻ കഴിയുന്നില്ല, മരുന്നിനും ഭക്ഷണത്തിനും സഹായിക്കണമെന്ന് അഭ്യർഥിക്കുന്ന ഭിന്നശേഷിക്കാർ... ഇത്തരം കാഴ്ചകളെല്ലാം അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പിറകിൽ ഇത്തരം ഏജൻറുമാരാണെന്നാണ് പുതിയ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ വിസനിയമം ലളിതമാക്കിയതോടെ ദുരുപയോഗം ചെയ്യുന്നവർക്ക് കൊയ്ത്തുകാലമായി. മക്ക, മദീന ഉൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകരെത്തുന്ന പുണ്യനഗരങ്ങൾ ഭിക്ഷാടനത്തിന് വളക്കൂറുള്ള മണ്ണായാണ് ഇവർ കാണുന്നത്. ഇവിടങ്ങളിലാണ് കൂടുതൽ പേർ യാചകരായുള്ളത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സമാധാനപരമായ സാമൂഹികാന്തരീക്ഷത്തെയും തകരാറിലാക്കുന്നതായതിനാൽ ഭിക്ഷാടനത്തിൽ ഏർപ്പെടുകയോ അതിന് പ്രേരിപ്പിക്കുകയോ യാചകനുമായി യോജിക്കുകയോ ഭിക്ഷാടനം ചെയ്യാൻ ഏതെങ്കിലും വിധത്തിൽ സഹായിക്കുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയാണ് സൗദിയിൽ നൽകുന്നത്. അടുത്തിടെ നിയമം കടുപ്പിച്ചിട്ടുണ്ട്.
സംഘടിതമായി ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും ശിക്ഷ നൽകും. വിദേശികളാണെങ്കിൽ ശിക്ഷ പൂർത്തിയായാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തും. തെരുവുകളിൽ നിന്ന് യാചിക്കുന്നതു മാത്രമല്ല, രസീത് പുസ്തകവുമായി പിരിവ് നടത്തുന്നതും കുറ്റകരമാണ്.
യാചക നിരോധന നിയമത്തിന്റെ പരിധിയിലാണതും. വലിയ തുകകൾ പിരിവ് നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ വിവിധ ഏജൻസികൾ പണത്തിന്റെ ഉറവിടവും എത്തിച്ചേരുന്ന സ്ഥലവും പരിശോധിച്ച് നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.