സൗദിയുടെ വടക്ക് ഭാഗത്ത് ചുവന്ന കഴുത്തുള്ള മൂന്ന് ഒട്ടകപ്പക്ഷികളെ വിരിയിച്ചു
text_fieldsറിയാദ്: അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവികളെ പാർപ്പിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്കിടയിൽ പുതിയൊരു നേട്ടം കൈവരിച്ചതായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് അതോറിറ്റി വ്യക്തമാക്കി. ഇതിന്റെ ഫലമായി ചുവന്ന കഴുത്തുള്ള മൂന്ന് ഒട്ടകപ്പക്ഷികൾ സംരക്ഷിത പ്രദേശത്ത് വിരിഞ്ഞതായി അതോറിറ്റി സൂചിപ്പിച്ചു. 100 വർഷത്തിലേറെയായി വംശനാശം സംഭവിച്ചതിനു ശേഷമാണ് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികളെ ആദ്യമായി ഉണ്ടാകുന്നത്. 2021 അവസാനത്തോടെയാണ് ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റി ഒരു ജോടി ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികൾക്ക് അനുയോജ്യമായ പ്രകൃതിദത്ത അന്തരീക്ഷം ഉറപ്പാക്കാൻ ഒട്ടകപ്പക്ഷി പുനരധിവാസ പരിപാടി ആരംഭിച്ചത്. ഒട്ടകപ്പക്ഷിയുടെ ആവാസ വ്യവസ്ഥക്കിണങ്ങുന്ന പരിസ്ഥിതി സംവിധാനിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഒട്ടകപ്പക്ഷികൾ റിസർവ് പരിസ്ഥിതിയുമായി പൊരുത്തപ്പെടുകയും 2024 ലെ വസന്തകാലത്ത് ആദ്യമായി പന്ത്രണ്ട് മുട്ടകൾ ഇടുകയും ചെയ്തു. ഇതിൽ നിന്നാണ് മൂന്ന് ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷി കുഞ്ഞുങ്ങൾ വിരിഞ്ഞത്.
സൗദി അറേബ്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ സംരക്ഷിത പ്രദേശത്ത് ഏകദേശം 138 ഇനം വിവിധ ജീവികളുണ്ട്. വിവിധതരം മാനുകൾ, മലയാട്, അറേബ്യൻ ചെന്നായ, കുറുക്കന്മാർ, പൂച്ചകൾ, മുയലുകൾ, വിവിധ ഇനം പക്ഷികൾ എന്നിവ ഇതിലുൾപ്പെടും. കൂടാതെ 179 ലധികം സസ്യജാലങ്ങൾ ഉൾക്കൊള്ളുന്ന അതിശയകരമായ പ്രകൃതിയും സസ്യജാലങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ സവിശേഷമായ ജൈവവൈവിധ്യത്തിന് പുറമേ 91,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് രാജ്യത്തെ രണ്ടാമത്തെ വലിയ രാജകീയ റിസർവ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.