അന്താരാഷ്ട്ര സർവിസിനൊരുങ്ങി റെഡ് സീ വിമാനത്താവളം
text_fieldsജിദ്ദ: അന്താരാഷ്ട്ര സർവിസിനൊരുങ്ങി സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ചെങ്കടൽ തീരത്തെ റെഡ് സീ വിമാനത്താവളം. ഏപ്രിൽ 18നാണ് പുതിയ അന്താരാഷ്ട്ര വ്യോമപാതയുടെ ഉദ്ഘാടനമെന്നും അന്ന് ദുബൈയിൽനിന്നെത്തുന്ന വിമാനത്തെ സ്വീകരിക്കുമെന്നും റെഡ് സീ ഇൻറർനാഷനൽ അധികൃതർ അറിയിച്ചു.
ഇതിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. എമിറേറ്റ്സ് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയുടെ വിമാനമാണ് ആദ്യ അന്താരാഷ്ട്ര സർവിസിന് തുടക്കം കുറിച്ച് റെഡ് സീ വിമാനത്താവളത്തിലിറങ്ങുക.
ആഭ്യന്തര വിമാനങ്ങൾ നിലവിൽ റെഡ് സീയിലേക്കും തിരിച്ചും സർവിസ് നടത്തുന്നുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് സൗദിയിലെ വിവിധ വിമാനത്താവളങ്ങളുമായി സർവിസുകൾ ആരംഭിച്ചിരുന്നു. ഫ്ലൈ ദുബൈ ആഴ്ചയിൽ രണ്ട് സർവിസാണ് നടത്തുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിലാണത്. 2023 സെപ്റ്റംബർ മുതലാണ് റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് റെഡ് സീയിലേക്ക് സൗദി എയർലൈൻസ് സർവിസ് നടത്തുന്നത്. ആദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനം റെഡ് സീയിലേക്ക് വരാനൊരുങ്ങുന്നത്.
ഫ്ലൈ ദുബൈ വിമാനത്തിന്റെ വരവോടെ ആഭ്യന്തര സർവിസുകളടക്കം റെഡ് സീയിലേക്കും തിരിച്ചും ആഴ്ചയിൽ എട്ട് സ്ഥിരം വിമാനങ്ങൾ ഉണ്ടാകും. ഇത് സൗദിയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ചെങ്കടൽ പ്രദേശങ്ങളിലെ താമസക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം പ്രദേശവാസികളെ ദുബൈ സർവിസ് വഴി ലോകവുമായി ബന്ധിപ്പിക്കും.
ഈ വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തിച്ച് തുടങ്ങുമ്പോൾ പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനാവുമെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. ആറുമാസം മുമ്പ് ആരംഭിച്ച ആദ്യ വിമാന സർവിസ് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള യാത്രയുടെ തുടക്കമായിരുന്നു.
ആദ്യ അന്താരാഷ്ട്ര യാത്ര സൗദി അറേബ്യയെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണെന്നും ജോൺ പഗാനോ പറഞ്ഞു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം മിഡിൽ ഈസ്റ്റിലെ ആദ്യത്തെ കാർബൺരഹിത വിമാനത്താവളമാണ്.
എല്ലാ പ്രവർത്തനങ്ങളിലും സുസ്ഥിരതക്കും കാർബൺ ഉദ്വമനം ഇല്ലാതാക്കാനും ഊർജ ഉപഭോഗം മെച്ചപ്പെടുത്താനും വിഭവ-മാലിന്യ പരിപാലനത്തിൽ കാര്യക്ഷമത വർധിപ്പിക്കാനും നൂതനമായ പരിഹാരങ്ങൾ ഉപയോഗിക്കുന്നുവെന്നും ജോൺ പഗാനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.