റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം: ലാൻഡിങ്, ടേക് ഓഫ് പരീക്ഷണം വിജയകരം
text_fieldsതബൂക്ക്: പുതുതായി നിർമിക്കുന്ന റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ ലാൻഡിങ്, ടേക് ഓഫ് പരീക്ഷണം വിജയകരം. വിമാനത്താവളത്തിന്റെ നാവിഗേഷൻ സംവിധാനങ്ങൾ പരീക്ഷിച്ച് പ്രവർത്തനസജ്ജമാക്കിയെന്നും റെഡ് സീ വികസന കമ്പനി വൃത്തങ്ങൾ പറഞ്ഞു.
വിമാനത്താവള റൺവേ നിർമാണം റെക്കോഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചത് വലിയ വിജയമാണെന്ന് റെഡ് സീ കമ്പനി എയർപോർട്ട് ഹെൽത്ത് ആൻഡ് സേഫ്റ്റി അസിസ്റ്റൻറ് ഡയറക്ടർ മശാഇൽ അൽഅശ്വാൻ പറഞ്ഞു. വിമാനത്താവള പ്രവർത്തനത്തിന് വിമാനം ഇറക്കുന്നതും പറന്നുയരുന്നതും പരിശോധിക്കേണ്ടത് പ്രധാനപ്പെട്ട ആവശ്യകതയാണെന്ന് എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ അമ്മാർ ഗൈത് പറഞ്ഞു.
വിമാനത്താവള സംവിധാനങ്ങളുടെ പരിശോധന സാധാരണയായി ഓരോ ആറു മാസത്തിലും ആവർത്തിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറ് ചെങ്കടൽ തീരത്താണ് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം നിർമിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രധാന റൺവേയിൽ ലാൻഡിങ്, ടേക് ഓഫ് പരീക്ഷണം വിജയകരമായതോടെ പദ്ധതിയുടെ സുപ്രധാന ഘട്ടങ്ങളാണ് പൂർത്തിയായത്.
ഈ വർഷാവസാനത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന റൺവേക്ക് 3.7 കിലോമീറ്റർ നീളമുണ്ട്. കൂടാതെ ജലവിമാനങ്ങൾക്കായി 525 മീറ്റർ നീളത്തിലും 42 മീറ്റർ വീതിയിലും മറ്റൊരു റൺവേയും കൂടിയുണ്ട്. എൻജിനീയർമാരും തൊഴിലാളികളുമടക്കം 2800ഓളം പേർ പദ്ധതി നിർമാണത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.