റെഡ് സീ ടൂറിസം പദ്ധതി: ഉപയോഗിക്കുന്നത് സമ്പൂർണ പുനരുപയോഗ ഊർജം
text_fieldsറിയാദ്: ചെങ്കടൽ തീരത്ത് സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന ‘റെഡ് സീ പദ്ധതി’യിൽ ഉപയോഗിക്കുന്നത് നൂറുശതമാനം പുനരുപയോഗ ഊർജം. ഇതിനായി ഈ പദ്ധതി പ്രദേശത്ത് 150 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. പ്രദേശത്ത് സുസ്ഥിര ഗതാഗതത്തിന് ഊർജം പകരാനാണ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് വൃത്തങ്ങൾ പറഞ്ഞു.
‘ചെങ്കടൽ ഡെസ്റ്റിനേഷൻ’ ആദ്യ ഘട്ടം നൂറുശതമാനം പുനരുപയോഗ ഊർജത്തിലാണ് പ്രവർത്തിപ്പിക്കുക. ഇതിനാവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാന പുനരുപയോഗ ടൂറിസം പദ്ധതിയാണിതെന്നും റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട റെഡ് സീ കമ്പനിയുടെ നാലാമത്തെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിബദ്ധതകളും പുരോഗതിയും വ്യക്തമാക്കുന്നതാണിത്.
2040 ഓടെ 30 ശതമാനം ശുദ്ധമായ പാരിസ്ഥിതിക നേട്ടം കൈവരിക്കുക എന്ന കമ്പനിയുടെ പ്രധാന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പാരിസ്ഥിതിക നേട്ടങ്ങളുടെ തലത്തിൽ ചെങ്കടൽ നഴ്സറിയിൽ 50 ലക്ഷത്തിലധികം ചെടികൾ നട്ടുപിടിപ്പിച്ചു. നാല് വ്യത്യസ്ത സ്ഥലങ്ങളിലായി ആറ് ലക്ഷം കണ്ടൽ തൈകൾ നട്ടു.
200ലധികം സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെ കണ്ടൽ നടീലും ബീച്ച് ശുചീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സന്നദ്ധസേവന പരിപാടി നടപ്പാക്കി. കാർബൺ ബഹിർഗമനം കുറക്കൽ സംരംഭങ്ങളിലൂടെ 46,30,00,000 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയുന്നതിനും പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രതിജ്ഞയെടുക്കുന്നതിനും ശ്രമങ്ങൾ സഹായിച്ചതായും റിപ്പോർട്ടിലുണ്ട്.
പ്രാദേശിക ജനസഞ്ചയങ്ങളുമായി ആശയവിനിമയം നടത്താനും വാർത്തകളും അവസരങ്ങളും പങ്കിടാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും ‘ജിവാർ’ എന്ന പേരിൽ ആപ്ലിക്കേഷൻ ആരംഭിച്ചു. 3,300 പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും 50ലധികം പേർക്ക് ബിരുദം നൽകുന്നതിനും ഏകദേശം 74,000 മണിക്കൂർ പരിശീലനം നൽകുന്നതിനും സാധിച്ചു.
കമ്പനി അതിന്റെ പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ ലക്ഷ്യങ്ങൾ എങ്ങനെ പിന്തുടരുന്നുവെന്ന് എടുത്തുകാണിക്കുന്നതാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ട്. എല്ലാ മേഖലകളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായും റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്.
വികസനത്തിൽ നൂതനമായ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുള്ള കമ്പനിയുടെ ആഴത്തിലുള്ള പ്രതിബദ്ധത ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ടെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. നൂതനവും സുസ്ഥിരവുമായ വഴികളിലൂടെ വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനുള്ള സാധ്യത ഈ പ്രവർത്തനം തെളിയിക്കുന്നു. ചെങ്കടൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷം മുതൽ സഞ്ചാരികളെ സ്വീകരിച്ചുതുടങ്ങിയിരുന്നു.
മൂന്ന് ഹോട്ടലുകളാണ് ഇവിടെ തുറന്നത്. റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് 2023 സെപ്റ്റംബർ മുതൽ പ്രവർത്തിച്ചുതുടങ്ങുകയും ആഭ്യന്തര വിമാനങ്ങൾ സർവിസ് ആരംഭിക്കുകയും ചെയ്തു. ചെങ്കടലിനും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിൽ പ്രതിവാര റൂട്ടിൽ ഈ വർഷം ഏപ്രിലിൽ അന്താരാഷ്ട്ര വിമാന സർവിസ് ആരംഭിച്ചു.
തെക്ക് സ്ഥിതിചെയ്യുന്ന ‘തുല’ പ്രൈവറ്റ് റിസോർട്ട് വരും ആഴ്ചകളിൽ തുറക്കും. ‘ട്രിപ്പ്ൾ ബേ’യുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 2025-ൽ ‘അമാല’ റിസോർട്ട് വിനോദ സഞ്ചാരികളെ സ്വീകരിച്ചുതുടങ്ങും. അതിനുള്ള കഠിനശ്രമങ്ങൾ നടന്നുവരുകയാണ്. അതിൽ എട്ട് റിസോർട്ടുകളും ‘കൊറാലിയം’, ‘ബോട്ട് ക്ലബ്’ എന്നിവ ഉൾപ്പെടുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.