താമസസ്ഥലങ്ങളിൽ കീടനാശിനികളുടെ ഉപയോഗം കുറക്കണം; കാമ്പയിനിന് തുടക്കമിട്ട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
text_fieldsയാംബു: രാജ്യത്ത് വീടുകളിലും താമസസ്ഥലങ്ങളിലും കീടനാശിനികളുടെ ഉപയോഗം കുറക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ കാമ്പയിന് തുടക്കം. ‘ഭക്ഷണവും മരുന്നും’ എന്ന ശീർഷകത്തിലാണ് ബോധവത്കരണം. വീടുകളിലെയും താമസസ്ഥലങ്ങളിലെയും പ്രാണികളുടെയും എലികളുടെയും മറ്റും ശല്യം ഒഴിവാക്കാൻ ഉപയോഗിക്കുന്ന കീടനാശിനികൾ അതോറിറ്റി അംഗീകരിച്ചതാണോ എന്ന് ഉറപ്പുവരുത്തണം. മാരകമായ കീടനാശിനികളിൽ ചിലത് ഉപയോഗിക്കാൻ അതോറിറ്റി അംഗീകാരം നൽകിയിട്ടില്ലെന്നും കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്നും അധികൃതർ അറിയിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ വീടുകളിൽ കീടനാശിനികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് അതോറിറ്റി പ്രത്യേകം നിർദേശങ്ങൾ നൽകി. പ്രാണികളെയും എലികളെയും പ്രതിരോധിക്കാൻ പൊതുജനാരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന കീടനാശിനികൾ ഉപയോഗിക്കുന്നതിനു മുമ്പ് www.sfda.gov.sa എന്ന ലിങ്ക് വഴി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
കീടനാശിനികൾ ഉപയോഗിക്കുന്നതിനുമുമ്പ് വീട്ടിൽ പ്രാണികളും എലികളും വ്യാപകമാകുന്നത് തടയാൻ വിവിധ രീതികളിലുള്ള പരിഹാരങ്ങൾ പരീക്ഷിക്കാൻ അതോറിറ്റി ഉപദേശിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വീടുകളിലെയും താമസസ്ഥലങ്ങളുടെയും ശുചിത്വം എപ്പോഴും നിലനിർത്തുക എന്നതാണ്. ഭക്ഷണം കർശനമായി അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുക, മാലിന്യങ്ങൾ അതിനായി പ്രത്യേകം സജ്ജീകരിച്ച അടച്ചപാത്രങ്ങളിൽ നിക്ഷേപിക്കുക, മാലിന്യങ്ങൾ പതിവായി നീക്കംചെയ്യുക, വീടിെൻറ എല്ലാ വിള്ളലുകളും ദ്വാരങ്ങളും അടക്കുക, വെള്ളം വിടവുകളിലൂടെ വീടുകളുടെ അകത്തേക്ക് പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും പൊതുജനങ്ങൾക്ക് അതോറിറ്റി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.