‘റീൽസ് 2023’; അൽ വുറൂദ് സ്കൂൾ കിഡ്സ് ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി
text_fieldsജിദ്ദ: ‘റീൽസ് 2023’ എന്ന പേരിൽ ജിദ്ദ അൽ വുറൂദ് ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ത്രിദിന ഇന്റർനാഷനൽ കിഡ്സ് ഫിലിം ഫെസ്റ്റിവൽ (ഐ.കെ.എഫ്.എഫ്) ശ്രദ്ധേയമായി. വിദ്യാർഥികൾക്ക് വിനോദവും മൂല്യവത്തായ ജീവിത നൈപുണ്യ പാഠങ്ങളും പ്രദാനം ചെയ്യുന്ന അവരുടെ പ്രായത്തിനനുയോജ്യവും മൂല്യാധിഷ്ഠിതവുമായ സിനിമകളുടെ പ്രദർശനമാണ് ഒരുക്കിയത്. വ്യത്യസ്ത സംസ്കാരങ്ങൾ, ഭാഷകൾ, കഥകൾ, അനുഭവങ്ങൾ എന്നിവ അടുത്തറിയാനുള്ള അവസരമായാണ് 'റീൽസ് 2023' സംഘടിപ്പിച്ചതെന്നും കുട്ടികളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന ചലനാത്മക ശക്തികളെ കേന്ദ്രീകരിച്ചായിരുന്നു പ്രദർശനത്തിനുള്ള സിനിമകളുടെ തെരഞ്ഞെടുപ്പെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ലോക സിനിമകളിൽ ശ്രദ്ധേയമായ 20 രാജ്യങ്ങളിൽനിന്നുള്ള 15 ഭാഷകളിലായി 70ഓളം സിനിമകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിച്ചത്. സിനിമ പ്രദർശനത്തിന് പുറമെ ഓരോ സിനിമയുടെയും സർഗാത്മകത മുതൽ സാങ്കേതിക വൈദഗ്ധ്യം വരെയുള്ള മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യാനുള്ള ഫിലിം റിവ്യൂ റൂമുകൾ സിനിമാ തിയറ്ററിന് ചുറ്റും ഒരുക്കിയിരുന്നു. വിദ്യാർഥികളിൽ ചലച്ചിത്ര നിർമാണ കലയോട് ആഴത്തിലുള്ള വിലമതിപ്പ് വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന തരത്തിലായിരുന്നു ഇത്തരം ചർച്ച റൂമുകൾ. ഓഡിറ്റോറിയത്തിലും പരിസരങ്ങളിലും വിദ്യാർഥികളാൽ നിയന്ത്രിതമായ പോപ്കോൺ സ്റ്റാൻഡുകൾ, ഐസ്ക്രീം, ബർഗർ, പിസ്സ സ്റ്റാളുകൾ എന്നിവയെല്ലാം ഒരുക്കിയത് ഫെസ്റ്റിവലിനെ ഉത്സവാന്തരീക്ഷമുള്ളതാക്കി. മേളയുടെ ആദ്യ ദിവസം രക്ഷാകർത്താക്കൾക്ക് മാത്രമായും ഒരു പ്രത്യേക സിനിമ പ്രദർശനം ഉണ്ടായിരുന്നു.
സമാപന ചടങ്ങിൽ പ്രശസ്ത തെന്നിന്ത്യൻ നടി ഇനിയ പങ്കെടുക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. ബി.ഇ.എസ്.ടി ഗ്രൂപ് ഓഫ് സ്കൂൾ സൗദി ജനറൽ മാനേജർ എ.എം അഷ്റഫ് മേള ഉദ്ഘാടനം ചെയ്തു. ലീഡ് കോച്ച് രസിക രാമൻ, അക്കാദമിക് അസി. ഡയറക്ടർ പീറ്റർ റൊണാൾഡ്, അബ്ദുൾ അസീസ് (ബ്രിഡ്ജ് വേ ഗ്രൂപ്), അനീസ് (അസി. മാനേജർ, എസ്.ഒ.സി), പ്രിൻസിപ്പൽ സി. സുനിൽകുമാർ, വൈസ് പ്രിൻസിപ്പൽ എ.ജി സ്മിത എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.