ഫോർമുല വൺ കാറോട്ട മത്സരത്തിെൻറ അംബാസഡറായി റിമ അൽജുഫാലി
text_fieldsജിദ്ദ: ഈ മാസം മൂന്ന് മുതൽ അഞ്ച് വരെ ജിദ്ദയിൽ നടക്കുന്ന ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് അന്താരാഷ്‌ട്ര കാറോട്ട മത്സരത്തിെൻറ അംബാസഡറായി റിമ അൽജുഫാലിയെ തെരഞ്ഞെടുത്തു. രാജ്യത്തെ ആദ്യ വനിതാ കാറോട്ട താരമാണ് റിമ.
സൗദി ആദ്യമായാണ് ഫോൺമുല വൺ കാറോട്ട മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ബ്രിട്ടീഷ് ഫോർമുല ത്രീ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത റീമ അൽജുഫാലി ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിൽ പ്രധാന പങ്ക് വഹിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ഫോർമുല കാറോട്ട ഡ്രൈവർമാരുടെ അടുത്ത തലമുറക്ക് മാതൃകയാണ് റിമ എന്ന് സംഘാടകർ പറഞ്ഞു. ട്രാക്കിനകത്തും പുറത്തുമുള്ള നിരവധി പരിപാടികൾക്ക് റീമ മേൽനോട്ടം വഹിക്കുമെന്നും അവർ വ്യക്തമാക്കി.
അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ റീമ കുറിച്ചു. ജിദ്ദയിലാണ് വളർന്നത്. ലോകത്തെ ഏറ്റവും വേഗതയേറിയ കാറോട്ടക്കാർക്കായി ഒരുങ്ങിയ ട്രാക്ക് ഉൾപ്പെടുന്ന ജിദ്ദ നഗരവും തെരുവുകളും തനിക്ക് ചിരപരിചിതമാണെന്നും ഇൗ വഴികളിലൂടെയെല്ലാം താൻ എപ്പോഴും നടന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ജിദ്ദയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മുഹൂർത്തമാണ് ഇതെന്ന് തനിക്ക് നിസംശയം പറയാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ ഫോർമുല വണ്ണിെൻറ വരവ് കൂടുതൽ സൗദി യുവാക്കൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോർ സ്‌പോർട്‌സ് മേഖലയിൽ പ്രഫഷനൽ കരിയർ പിന്തുടരുന്നതിനും സൗദി അറേബ്യയിലെ കാറോട്ട മത്സര മേഖലയിൽ ശ്രദ്ധേയമായ വികസനത്തിെൻറ പാത സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും റീമ അൽജുഫാലി പറഞ്ഞു.
29 കാരിയായ റിമ അൽ ജുഫാലി ഇതിനകം നിരവധി കാറോട്ട മത്സരങ്ങളിൽ പെങ്കടുത്തിട്ടുണ്ട്. സൗദിയിലെ ആദ്യത്തെ വനിത കാറോട്ട മത്സര ഡ്രൈവറായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട അവർ, മത്സരത്തിനുള്ള ലൈസൻസ് നേടിയ ആദ്യ സൗദി വനിതയുമാണ്. അമേരിക്കയിലെ നോർത്ത് ഈസ്‌റ്റേൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് അന്താരാഷ്‌ട്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.