റെയിൽവേ വ്യവസായ പ്രാദേശികവത്കരണ പദ്ധതി ഉടൻ നടപ്പാക്കും
text_fieldsഅൽ ഖോബാർ: റെയിൽവേയുമായി ബന്ധപ്പെട്ട വ്യവസായം പ്രാദേശികവത്കരിക്കാൻ പ്രത്യേക പദ്ധതി അടുത്തയാഴ്ച ആരംഭിക്കുമെന്ന് സൗദി അറേബ്യൻ റെയിൽവേ (സാർ) കമ്പനി അറിയിച്ചു. റെയിൽവേ മേഖലയിലെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നവീകരണങ്ങളും അവലോകനം ചെയ്യുന്ന സമ്മേളനം ഈ മാസം 20 നും 21നും റിയാദിൽ നടക്കും. ഇവിടെ വെച്ചാവും പദ്ധതി പ്രഖ്യാപനം ഉണ്ടാവുക.
2023ൽ പ്രാദേശിക ചെലവ് 50 ശതമാനത്തിലധികം കൈവരിക്കാൻ ‘സാറി’ന് കഴിഞ്ഞെന്നും 2025ഓടെ സെക്ടർ പാർട്ണർമാരിലൂടെ ഇത് 60 ശതമാനമായി ഉയർത്താൻ ശ്രമിക്കുകയാണെന്നും സി.ഇ.ഒ ഡോ. ബഷർ ബിൻ ഖാലിദ് അൽ മാലിക് വ്യക്തമാക്കി. റെയിൽവേ മേഖലയിലെ വ്യക്തമായ ലക്ഷ്യങ്ങളും നിക്ഷേപ സാധ്യതകളും സമ്മേളനത്തിൽ അവതരിപ്പിക്കും.
രാജ്യത്തിനുള്ളിൽ റെയിൽവേ കോച്ച് ഫാക്ടറികൾ സ്ഥാപിക്കുക, സേവനങ്ങൾ പ്രാദേശികവത്കരിക്കുക, റെയിൽവേ വ്യവസായത്തിലെ അന്താരാഷ്ട്ര കമ്പനികൾക്ക് അറിവ് കൈമാറുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുന്നതിലൂടെ സ്വകാര്യ മേഖലയെയും ചെറുകിട സംരംഭങ്ങളെയും ശാക്തീകരിക്കുകയും ബിസിനസ് സുസ്ഥിരതയെ പിന്തുണക്കുകയും ചെയ്യും. റെയിൽവേ അടിസ്ഥാനസൗകര്യങ്ങളുടെ പ്രവർത്തനവും പരിപാലനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രാദേശികവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സാർ സമീപ വർഷങ്ങളിൽ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ഇത് സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ നേരിട്ടു സ്വാധീനം ചെലുത്തി. പ്രത്യക്ഷമായും പരോക്ഷമായും 10,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. തൊഴിൽ സ്വദേശിവത്കരണ നിരക്ക് 88 ശതമാനത്തിന് മുകളിലേക്ക് ഉയർത്തുകയും ചെയ്തു.
കാർബൺ പുറന്തള്ളാത്ത ഫാസ്റ്റ് ഇലക്ട്രിക് ട്രെയിനുകൾ ആദ്യമായി നിരത്തിലിറക്കിയത് ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ വഴി സൗദിഅറേബ്യയാണെന്ന് അദ്ദേഹം പറഞ്ഞു.
സൗദി ഗ്രീൻ ഇനീഷ്യേറ്റിവിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി സൗദി റെയിൽവേ മിഡിലീസ്റ്റ്-ആഫ്രിക്കൻ മേഖലയിൽതന്നെ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ പരീക്ഷണങ്ങൾ നടത്തി. ഈ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടത്തിനുള്ള ഒരുക്കം നടന്നുവരുകയാണ്.
ദിനേന ഹൈവേകളിൽ സഞ്ചരിക്കുന്ന ട്രക്കുകളുടെയും കാറുകളുടെയും എണ്ണം കുറക്കാനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഒരുക്കുന്നതിനും റെയിൽവേയാണ് ഏറ്റവും മകിച്ച ബദലെന്നും അൽ-മാലിക് പറഞ്ഞു.
ഈ മാറ്റം കാർബൺ ഉദ്വമനം കുറക്കുന്നതിന് നേരിട്ട് സംഭാവന ചെയ്യുകയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഗതാഗതം റോഡ് ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കുന്നതിനും ട്രാഫിക് സുരക്ഷ നിലവാരം വർധിപ്പിക്കുന്നതിനും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.