സേവനദാതാക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsമദീന മസ്ജിദുന്നബവിയിലെ ഇഫ്താർ വിരുന്ന് (ഫയൽ ചിത്രം)
മദീന: മസ്ജിദുന്നബവിയിൽ നോമ്പുതുറക്കാവശ്യമായ വിഭവങ്ങൾ സംഭാവന ചെയ്യുന്നവർക്കായി ഇരുഹറം കാര്യാലയ അതോറിറ്റി പ്രത്യേക പോർട്ടൽ ആരംഭിച്ചു. മക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറയാണ് പ്രവാചക പള്ളിയിലേത്. https://eserv.wmn.gov.sa/apps/public/login എന്ന ലിങ്ക് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടതെന്ന് അതോറിറ്റി അറിയിച്ചു. അതോറിറ്റി അംഗീകരിച്ച ഭക്ഷണം തയാറാക്കുന്ന കമ്പനികളുമായി കരാർ ഒപ്പിടണമെന്നും ‘ഇഫ്താർ ടേബിൾസ് സിസ്റ്റ’ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
മസ്ജിദുന്നബവിയിലെ ഇഫ്താർ സേവന സാധ്യതകളും ആവശ്യമായ സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ പരിഗണിക്കുന്നതെന്നും അതോറിറ്റി ഓഫീസിൽ നേരിട്ട് ഹാജരാകാതെ തന്നെ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി പരസ്പരം ആശയവിനിമം നടത്താൻ കഴിയുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ഭക്ഷണപ്പൊതികളാണ് മസ്ജിദുന്നബവി കാര്യാലയ ഏജൻസിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്.
സംസം വെള്ളം, ഈത്തപ്പഴം, തൈര്, റൊട്ടി, ഖഹ്വ എന്നിവയാണ് പ്രധാന വിഭവങ്ങൾ. പള്ളിയുടെ അകത്തേക്ക് സുരക്ഷയും വൃത്തിയും പരിഗണിച്ച് മറ്റു ഭക്ഷണവിഭവങ്ങൾ കടത്തിവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇഫ്താർ നൽകുന്നവർ രാജ്യത്തിന്റെ ആരോഗ്യ പ്രതിരോധ വ്യവസ്ഥകൾ പൂർണമായും പാലിക്കുക എന്ന വ്യവസ്ഥ കർശനമാണ്. ഇരുഹറം കാര്യാലയ വകുപ്പ്, ഇഫ്താർ സേവന ദാതാക്കളുമായി സഹകരിച്ച് അംഗീകൃത കാറ്ററിങ് കമ്പനികൾ വഴി മാത്രമാണ് നോമ്പുകാരുടെ ആരോഗ്യസുരക്ഷാ ചട്ടങ്ങൾ പരിഗണിച്ച് ഭക്ഷണം വിതരണം ചെയ്യുന്നത്. സ്ത്രീകൾക്ക് നോമ്പ് തുറക്കാൻ ഹറമിൽ പ്രത്യേക സ്ഥലം അധികൃതർ നിശ്ചയിച്ചിട്ടുണ്ട്.
ലളിതമായ ഭക്ഷണവിഭവങ്ങൾകൊണ്ട് ഏറെ ഹൃദ്യമായ നോമ്പുതുറയുടെ സുപ്രകളിലേക്ക് വിശ്വാസികളെ സന്തോഷപൂർവം ക്ഷണിക്കുന്ന കാഴ്ച അറബ്, ഇസ്ലാമിക പരമ്പര്യത്തിന്റെയും ആഥിത്യമര്യാദയുടെയും നിദർശനമാണ്. നോമ്പ് തുറക്കും മഗ്രിബ് നമസ്കാരത്തിനുമിടയിൽ കഷ്ടിച്ച് 15 മിനിറ്റാണ് ദൈർഘ്യം. നോമ്പുതുറ കഴിഞ്ഞാലുടൻ തന്നെ നമസ്കാരത്തിനായി പള്ളിയും പരിസരവും വളരെ പെട്ടെന്ന് വൃത്തിയാക്കുകയാണ് ചെയ്യുന്നത്. സമൂഹ നോമ്പുതുറക്കും ശുചീകരണത്തിനുമായി നിയമിക്കപ്പെടുന്ന സൂപ്പർവൈസർമാരുടെയും തൊഴിലാളികളുടെയും എണ്ണം 500ലേറെ വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.