സൗദി എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചത് 24 തവണ; 15 വർഷത്തിന് ശേഷം ജോൺ നാടണഞ്ഞു
text_fieldsദമ്മാം: 24 തവണ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കപ്പെട്ട തമിഴ്നാട് സ്വദേശി 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി ജോൺ (36) ആണ് മലയാളി സാമൂഹിക പ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തിലൂടെ ദുരിതം നിറഞ്ഞ അനിശ്ചിതത്വത്തിൽ നിന്ന് മോചനം നേടിയത്. നാട്ടിൽ പോകാൻ എയർപോർട്ടിലെത്തി തിരിച്ചയക്കപ്പെടുന്ന ജോണിന്‍റെ ദുരിതകഥ 2020ൽ 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. എക്സിറ്റ് വിസയുമായി വിമാനത്താവളത്തിൽ ചെല്ലുമ്പോൾ അവിടുത്തെ രേഖകളിൽ ഇങ്ങനെ ഒരാളെ കണ്ടെത്താൻ കഴിയാതെ തിരിച്ചയക്കപ്പെടുകയാണ് ചെയ്തിരുന്നത്. വീണ്ടും സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ വിവിധയിടങ്ങൾ കയറിയിറങ്ങി രേഖകൾ പൂർത്തിയാക്കി യാത്രക്കായി തയാറാകും. അങ്ങനെ 24 തവണ ഇത്തരത്തിൽ തിരിച്ചയക്കപ്പെട്ടു. ഒടുവിൽ നവയുഗം സംസ്കാരിക വേദിയുടെ ജീവികാരുണ്യ പ്രവർത്തകൻ മണിക്കുട്ടന്റെ ഇടപെലാണ് ജോണിന് സഹായകമായത്. അതി വിചിത്രമായ കേസിൽ ജോണിനെ സഹായിക്കാൻ ദമ്മാമിലെ ഏതാണ്ടെല്ലാ സാമൂഹിക പ്രവർത്തകരും ഇടപെട്ടിരുന്നു. ഒടുവിൽ നവയുഗം പ്രവർത്തകരുടെ ഇടപെടൽ ജോണിന് പുതുയുഗം സമ്മാനിക്കുകയായിരുന്നു.
ദമ്മാം ഗവർണരുടെ ഇടപെടൽ പ്രശ്നപരിഹാരത്തിന് സഹായമാകുകയായിരുന്നു. ആദ്യ രണ്ട് തവണ ഗവർണറേറ്റിനെ സമീപിച്ചപ്പോഴും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഫയൽ അയച്ച് പരിഹാരം നിർദേശിക്കുകയായിരുന്നു. എന്നിട്ടും ഫലമുണ്ടയില്ലെന്നും തന്നെ എങ്ങനെയും നാട്ടിലെത്താൻ സഹായിക്കണമെന്നുമുള്ള ജോണിന്‍റെ മുന്നാമത്തെ അപേക്ഷ ഏറെ ഗൗരവത്തോടെയാണ് ഗവർണരുടെ കാര്യാലയം പരിഗണിച്ചത്. അടിയന്തിരമായി നാടുകടത്തൽ കേന്ദ്രത്തിൽ ബന്ധപ്പെട്ട അവർ ജോണിന്‍റെ പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് പരിഹാരമുണ്ടാക്കി നാട്ടിലയച്ചതിന് ശേഷം റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നു.
അതാണ് കഴിഞ്ഞ ദിവസം ഫലം കണ്ടത്. ബുധനാഴ്ച രാവിലെ ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന വിമാനത്തിൽ ജോൺ കയറിപ്പറ്റിയതോടെയാണ് ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്വാസം നേരെ വീണത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ജോണിന്‍റെ സന്തോഷം വാക്കുകളിൽ വിവരിക്കാനാകുന്നതല്ലെന്ന് മണിക്കുട്ടൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
14 വർഷം മുമ്പാണ് ജോലി തേടി ഇയാൾ സൗദിയിലെത്തിയത്. എത്തിയതിന്‍റെ മൂന്നാം ദിവസം താമസസ്ഥലത്ത് കടന്നുകയറിയ കവർച്ചക്കാരുമായി ഉണ്ടായ അടിപിടി കേസിൽ പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. പുറത്തുപോയി വരുമ്പോൾ താമസസ്ഥലത്തിനടുത്ത് ഒരു സ്വദേശി യുവാവ് കാലുമുറിഞ്ഞ് ചോരവാർന്ന് നിൽക്കുന്നത് ജോണിന്‍റെ ശ്രദ്ധയിൽ പെട്ടു. അയാളുടെ അടുത്തെത്തി ചോര കഴുകിക്കളഞ്ഞ് കുടിക്കാൻ വെള്ളവും നൽകി. ശേഷം മുറിയിലേക്ക് പോയ ജോണിന് പുറകെ ഇയാളും എത്തുകയായിരുന്നു. അൽപം കഴിഞ്ഞപ്പോഴേക്കും മറ്റ് 11 പേർ കൂടി മുറിയിലേക്ക് ഇരച്ചുകയറി. മുറിയിലുള്ള സാധനങ്ങൾ കൊള്ള ചെയ്യുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. എന്നാൽ മുറയിലുണ്ടായിരുന്ന മറ്റ് അഞ്ചുപേർ ഇതിനെ ചെറുക്കുകയും വലിയ സംഘട്ടനം ഉണ്ടാവുകയും ചെയ്തു.
ഈ സമയത്ത് തൊട്ടടുത്തെ ലഘുഭക്ഷണ ശാലയിലെ മലയാളി ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തി. അന്ന് പൊലീസ് സ്റ്റേഷനിൽ മറ്റുള്ളവരോടൊപ്പം ഹാജരായ ജോണിന് ഒരു ദിവസം ജയിലിലും കിടക്കേണ്ടി വന്നു. കൂടെയുള്ള ഇഖാമയില്ലാതിരുന്ന മൂന്നു പേർ ആറുമാസ തടവിന് ശേഷം നാടുകടത്തപ്പെട്ടു. പിന്നെയും പല ജോലികൾ ചെയ്ത് ഏഴുവർഷം കഴിഞ്ഞപ്പോൾ ആദ്യമായി നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് പഴയ വാറണ്ട് ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ജോൺ അറിയുന്നത്. പിന്നീട് നാട്ടിൽ പോകാനുള്ള നിരന്തര ശ്രമങ്ങളായിരുന്നു. അതാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.