ഉംറ തീർഥാടനം പുനരാരംഭിക്കാനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇരുഹറം കാര്യാലയ മേധാവി
text_fieldsജിദ്ദ: ഉംറ തീർഥാടനം പുനരാരംഭിക്കാനായത് ഏറെ സന്തോഷം നൽകുന്നതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഉംറ പുനരാരംഭിച്ച ആദ്യ ദിവസം ഹറമിൽ ഇശാ നമസ്ക്കാരാനന്തരം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചത്. ഇന്ന് നാം ഏറെ സന്തോഷത്തിലാണ്. ഹറമിലെ കവാടങ്ങൾ തീർഥാടകർക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മുസ്ലിം ഹൃദയങ്ങളിൽ സന്തോഷമുണ്ടാക്കുന്ന കാഴ്ചയാണിത്. നമ്മെ അനുഗ്രഹിച്ചതിനും ഉംറ ക്രമേണ പുനരാംരംഭിക്കാൻ സാധിച്ചതിനും ദൈവത്തെ സ്തുതിക്കേണ്ടതുണ്ട്.
തീർഥാടകരുടെയും ഹറമിലെത്തുന്നവരുടെയും ആരോഗ്യ സുരക്ഷക്കാണ് മസ്ജിദുൽ ഹറാം താൽക്കാലികമായി അടച്ചിട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടകർ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിെൻറയും സേവനത്തിലേർപ്പെടുന്ന വകുപ്പുകളുമായി സഹകരിക്കേണ്ടതിെൻറയും ആവശ്യകത തെൻറ പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സേവനത്തിലേർപ്പെടുന്നവർ ചുമതലകൾ നല്ല രീതിയിൽ നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രഭാഷണത്തിന് ശേഷം അദ്ദേഹം തീർഥാടകരുടെ ഹറമിലേക്കുള്ള വരവും അവരുടെ തവാഫ്, സഅ്യ് കർമങ്ങളും നോക്കിക്കണ്ടു. 'തീർഥാടകരെ സേവിക്കുന്നത് ഞങ്ങൾക്ക് അഭിമാനം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഉപഹാരങ്ങൾ തീർഥാടകർക്ക് മേധാവി വിതരണംചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.