ഐ.സി.എഫ് ഇടപെടൽ: വാഹനാപകട കേസിലെ മലയാളിക്ക് അഞ്ചു വർഷത്തിനുശേഷം ജയിൽ മോചനം
text_fieldsദമ്മാം: വാഹനാപകട കേസിൽ അഞ്ചു വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന് മോചനം. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാടണയുന്നത്.
സൗദിയിലെ ത്വാഇഫില്‍ ഡ്രൈവറായിരുന്ന സിറാജിെൻറ ജീവിതം മാറ്റിമറിച്ചത് അഞ്ചുവർഷം മുമ്പ് നടന്ന വാഹനാപകടമാണ്.
ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് രണ്ട് അറബ് വംശജർ മരിച്ചതിനെ തുടര്‍ന്നാണ് സിറാജ് ജയിലിലായത്. ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാലും അപകടത്തിെൻറ കാരണം ഡ്രൈവറുടെമേൽ ചാർത്തപ്പെടുകയും ചെയ്തതോടെ കോടതി അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ദിയാധനം നൽകാൻ വിധിക്കുകയായിരുന്നു. ഏകദേശം 75 ലക്ഷം രൂപക്ക് തുല്യമായ റിയാൽ നൽകിയാൽ മാത്രമേ സിറാജിെൻറ മോചനം സാധ്യമാകുമായിരുന്നുള്ളൂ. അർബുദ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ കുഞ്ഞുമോളും ഉള്‍ക്കൊള്ളുന്ന കുടുംബത്തിെൻറ ആകെയുള്ള കിടപ്പാടം വിറ്റാല്‍ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു.
ഇതേ തുടര്‍ന്നാണ് കുടുംബം കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സഹായമഭ്യർഥിച്ച് സമീപിച്ചത്.
അദ്ദേഹത്തിെൻറ നിർദേശത്തെത്തുടർന്ന് ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടു.
സിറാജിെൻറ കുടുംബത്തിെൻറ അവസ്ഥ വിവരിച്ച് കോടതിയെ സമീപിക്കുകയും ബന്ധുക്കളോട് അഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് മരിച്ചവരുടെ കുടുംബം 33 ലക്ഷം രൂപയായി ദിയാധനത്തിൽ ഇളവ് വരുത്തി. എന്നാല്‍, ഈ തുകയും നല്കാന് ബന്ധുക്കള്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന്, ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി സിറാജിെൻറ മോചനത്തിന് വേണ്ടി പണം സ്വരൂപിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. പണം നല്‍കിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞദിവസം സിറാജിനെ മോചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രണ്ടുദിവസത്തിന് ശേഷം അദ്ദേഹം നാട്ടിലേക്ക് പോകും.
ജയില്‍മോചിതനായ സിറാജ് കേരള മുസ്ലിം ജമാഅത്തിനും ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റിക്കും നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.