ഏത് സമയവും മോചന ഉത്തരവ് പ്രതീക്ഷിക്കാം -അബ്ദുൽ റഹീമിന്റെ അഭിഭാഷകൻ
text_fieldsറിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനം ഏത് സമയവും പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഒസാമ അൽ അമ്പർ പറഞ്ഞു. വധശിക്ഷ റദ്ദ് ചെയ്തുള്ള കോടതി ഉത്തരവ് റിയാദ് ഗവർണറേറ്റിലും പബ്ലിക് പ്രോസിക്യൂഷനിലും ഇതിനകം എത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഓഫിസിൽനിന്ന് തന്നെ വിളിക്കുകയും ആവശ്യമായ വിവരങ്ങൾ എടുക്കുകയും ചെയ്തു.
ഇനി പബ്ലിക് പ്രോസിക്യൂഷൻ റഹീമിന്റെ കേസിന്റെ തുടക്കം മുതലുള്ള ഫയലുകളും നിലവിൽ കോടതിയുടെ പരിഗണയിൽ ഇല്ലാത്ത മറ്റ് കേസുകൾ റഹീമിന്റെ പേരിലില്ല എന്ന് തെളിയിക്കാനുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങുന്ന ഫയലും കോടതിയിലേക്ക് അയക്കും. ഇത് ലഭിച്ചു കഴിഞ്ഞാൽ കോടതി കേസ് കേൾക്കാൻ സമയം അനുവദിക്കുകയും അന്നേ ദിവസം തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒസാമ പറഞ്ഞു.
എന്നാൽ കോടതിയിൽ ഇരിക്കുന്ന കേസായതിനാൽ മോചന ഉത്തരവ് എന്നുണ്ടാകുമെന്ന് കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിയാധനം സമാഹരിക്കപ്പെട്ടതിനുശേഷം ഒരു ദിവസവും പാഴാക്കിയിട്ടില്ല. കൃത്യമായി കേസിനെ പിന്തുടരുകയും കോടതിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാം യഥാസമയം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി എത്രയും പെട്ടെന്ന് കേസിന് പരിസമാപ്തിയുണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ കേസുകൾക്കപ്പുറം റഹീമിന്റെ കേസുമായി വൈകാരിക അടുപ്പമായെന്നും എല്ലാ ഘട്ടത്തിലും എന്നോടൊപ്പംനിന്ന റിയാദ് റഹീം സഹായസമിതിയും മലയാളി സമൂഹവും പുതിയ പാഠങ്ങൾ ഏറെ പകർന്ന് തന്നെന്നും ഗൾഫ് മാധ്യമവുമായി സംസാരിക്കവേ ഒസാമ അൽ അമ്പർ കൂട്ടിച്ചേർത്തു.
സൗദി ബാലൻ മരിച്ച കേസിൽ 18 വർഷമായി റിയാദിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കിയത് ഈ മാസം (ജൂലൈ) രണ്ടിനാണ്. അതിനുശേഷം മോചന ഉത്തരവ് പ്രതീക്ഷിച്ച് ജയിലിൽ തുടരുകയാണ് അബ്ദുൽ റഹീം. ജനകീയ കാമ്പയിനിലൂടെ സമാഹരിച്ചാണ് ഒന്നരക്കോടി റിയാലിന്റെ ദിയാധനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.