വേനൽചൂടിന് ശമനം; നട്ടുച്ച ജോലി നിരോധന കാലാവധി അവസാനിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ തുറസ്സായ സ്ഥലങ്ങളിൽ നട്ടുച്ച ജോലിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധന കാലയളവ് അവസാനിച്ചു. ഞായറാഴ്ച (സെപ്റ്റംബർ 15) ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൂന്നു മാസ സമയപരിധി അവസാനിച്ചത്.
വേനൽകടുത്തപ്പോൾ സൂര്യതാപത്തിൽനിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ നട്ടുച്ച ജോലിക്ക് മൂന്ന് മാസത്തേക്ക് നിരോധമേർപ്പെടുത്തിയിരുന്നത്.
കാലാവസ്ഥ മാറ്റം പ്രകടമാവുകയും വേനൽചൂടിന് ശമനമാവുകയും ചെയ്തതോടെ നട്ടുച്ചക്കും തൊഴിലെടുക്കാനുള്ള പ്രയാസം ഇല്ലാതായി. ഇനി പതിവിൻപടി തൊഴിൽ സമയക്രമത്തിലേക്ക് മടങ്ങാനാവും.
നട്ടുച്ചജോലിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്താനെടുത്ത തീരുമാനം രാജ്യത്തെ 94.6 ശതമാനം സ്ഥാപനങ്ങളും കർശനമായി പാലിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജ്ഹി പറഞ്ഞു. ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന സൂര്യാഘാതം പോലുള്ള പരിക്കുകളിലും മോശം ആരോഗ്യസ്ഥിതിയിലും നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയായിരുന്നു തീരുമാനത്തിന്റെ ലക്ഷ്യം.
ഇത്തരം അപകടസാധ്യതകൾ കുറക്കുന്നതിലൂടെയും തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനായി.
കഴിഞ്ഞ മൂന്ന് മാസമായി സ്ഥാപനങ്ങൾ ഈ തീരുമാനത്തിന് അനുസൃതമായാണ് പ്രവർത്തിച്ചത്. അത് നിരീക്ഷിച്ച് ഉറപ്പാക്കാൻ പരിശോധനയും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഇടയിൽ ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചിരുന്നു. ഉയർന്ന താപനിലയിലും സൂര്യപ്രകാശത്തിലും പ്രവർത്തിക്കുന്നതിനുള്ള പോംവഴികളടങ്ങിയ ഒരു ഗൈഡ് വികസിപ്പിച്ചെടുത്തതായും മാനവ വിഭവശേഷി മന്ത്രാലയം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.