ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനം: 15 കോടി റിയാലിന്റെ കരാറുകളൊപ്പിട്ട് കിങ് സൽമാൻ റിലീഫ് കേന്ദ്രം
text_fields
ജിദ്ദ: ഗസ്സയിലെ ജനതക്ക് ആശ്വാസം പകരാൻ സൗദി അറേബ്യയുടെ ജീവകാരുണ്യ സംരംഭമായ കിങ് സൽമാൻ റിലീഫ് കേന്ദ്രം വിവിധ അന്താരാഷ്ട്ര സംഘടനകളുമായി 15 കോടി റിയാലിന്റെ സഹകരണ കരാറിൽ ഒപ്പുവെച്ചു. കൈറോയിൽ സൗദി എംബസിയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് കരാറുകൾ ഒപ്പിട്ടത്.
യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീനുമായി (യു.എൻ.ആർ.ഡബ്ലു.എ) 5.6 കോടി റിയാൽ, അന്താരാഷ്ട്ര റെഡ്ക്രോസുമായി 3.75 കോടി റിയാൽ, അന്താരാഷ്ട്ര ഭക്ഷ്യ പദ്ധതിയുമായി 1.87 കോടി റിയാൽ, ലോകാരോഗ്യ സംഘടനയുമായി 3.75 കോടി റിയാൽ എന്നിങ്ങനെയാണ് കരാറുകൾ.
ഫലസ്തീൻ ജനതയുടെ ഭക്ഷണവും പോഷകാവശ്യങ്ങളും നിറവേറ്റുന്നതിനാണ് അന്താരാഷ്ട്ര ഭക്ഷ്യ പദ്ധതിയുമായുള്ള കരാർ. ഗുണഭോക്താക്കൾക്ക് ചൂടുള്ള ഭക്ഷണവും ഭക്ഷണ കിറ്റുകളും ബാസ്കറ്റുകളും വിതരണം ചെയ്യാനാണിത്. ഇതിന് മൊത്തം ചെലവ് 1.9 കോടി റിയാലാണ്. ലോകാരോഗ്യ സംഘടനയുമായുള്ള കരാർ പ്രകാരം ജീവൻരക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യും. ജീവൻ രക്ഷിക്കാനുള്ള അടിയന്തര ഇടപെടലുകൾക്ക് പിന്തുണ നൽകുക, പ്രാഥമികാരോഗ്യ പരിരക്ഷ പദ്ധതികൾ ശക്തിപ്പെടുത്തുക, കുട്ടികൾ, അമ്മമാർ, വൃദ്ധർ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക, മാനസികാരോഗ്യത്തെ പിന്തുണക്കുക എന്നിവയും ഈ കരാറിൽ ഉൾപ്പെടും.
റെഡ്ക്രോസുമായുള്ള കരാർ ആംബുലൻസുകളും ഗസ്സയിൽ ശുദ്ധമായ കുടിവെള്ളവും ലഭ്യമാക്കുന്നതിനാണ്. ഇസ്രായേലി അധിനിവേശസേന ദുരിതാശ്വാസ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്നും 10 ശതമാനം മാത്രമേ പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂവെന്നും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും നഷ്ടപ്പെടുത്തുന്നതിനാൽ ഇത് ‘മനഃപൂർവമായ കൊലപാതകം’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഗസ്സയിലെ ജനതക്കുവേണ്ട അടിസ്ഥാന വസ്തുക്കളുടെ പ്രശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) കമീഷണർ ജനറൽ ഫിലിപ്പ് ലസാരിനി വ്യക്തമാക്കി. അത് പരിഹരിക്കുന്നതിന് കിങ് സൽമാൻ കേന്ദ്രം വലിയ സംഭാവന ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗസ്സക്കുവേണ്ടി നൽകിയ സഹായത്തിന് കിങ് സൽമാൻ കേന്ദ്രത്തിന് കമീഷണർ ജനറൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.