മതനിരാസം വിദ്യാലയങ്ങളിൽ അനുവദിക്കില്ല -ജിദ്ദ കെ.എം.സി.സി
text_fieldsജിദ്ദ: ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കലാലയങ്ങളിൽ ലിബറൽ തിട്ടൂരങ്ങൾ അടിച്ചേൽപിക്കാനും ലൈംഗിക അരാജകത്വ സംസ്കാരം ഊട്ടിയുറപ്പിക്കാനുമുള്ള കമ്യൂണിസ്റ്റ് കരുനീക്കങ്ങൾ മതങ്ങൾ ഉയർത്തിപ്പിടിക്കുന്ന ധാർമികതയോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും അരാജകത്വവാദവും മതനിരാസവും സർക്കാർ ചെലവിൽ വിദ്യാലയങ്ങളിൽ നടപ്പാക്കാനുള്ള നീക്കം ചെറുക്കുമെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യോഗം പ്രസ്താവിച്ചു.
പണ്ട് പാഠപുസ്തകങ്ങളിലൂടെ മതമില്ലാത്ത ജീവൻ ഒളിച്ചുകടത്താൻ ശ്രമിച്ച ഇടതുസർക്കാർ ഇപ്പോൾ വസ്ത്രങ്ങളുടെ മറപിടിച്ച് മത നിരാസത്തിലേക്ക് വഴിതുറക്കുകയാണ്. സ്ത്രീകൾ പുരുഷ വേഷം ധരിച്ചാൽ പുരോഗമനമായി എന്ന് കരുതുന്ന വിഡ്ഢികളല്ല വിശ്വാസികൾ. സ്ത്രീയുടെ അന്തസ്സും അസ്തിത്വവും അഭിമാനവുമാണ് സംരക്ഷിക്കേണ്ടത്. വിശ്വാസികളുടെ നികുതിപ്പണമുള്ള സർക്കാർ സംവിധാനത്തിലൂടെ ദൈവ നിഷേധവും ലോകം തള്ളിക്കളഞ്ഞ അരാജകത്വ കോപ്രായങ്ങളും പള്ളിക്കൂടങ്ങളിലേക്ക് ഒളിച്ചുകടത്തിയാൽ പ്രബുദ്ധകേരളം കൈയുംകെട്ടി നോക്കിനിൽക്കില്ല.
പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, നിസ്സാം മമ്പാട്, സി.കെ.എ. റസാഖ് മാസ്റ്റർ, വി.പി. അബ്ദുറഹ്മാൻ, ഇസ്മാഈൽ മുണ്ടക്കുളം, എ.കെ. മുഹമ്മദ് ബാവ, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.