അനുമതിയില്ലാതെ മതപരമായ ആഘോഷം; അഞ്ച് മലയാളികളെ സൗദിയിൽ നിന്നും നാടുകടത്തി
text_fieldsദമ്മാം: അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച അഞ്ച് മലയാളികളെ സൗദി അറേബ്യയിൽനിന്നും നാടുകടത്തി. രണ്ട് മാസം മുമ്പാണ് ഇവർ പിടിയിലായത്. പരിപാടി സ്ഥലത്ത് നിന്ന് പൊലീസിെൻറ അറസ്റ്റിലായ ഇവർ ജയിലിലായിരുന്നു. അധികൃതരുടെ അനുമതി ഇല്ലാത്ത പരിപാടിക്ക് നേതൃത്വം നൽകിയ സംഘാടകരായ നാലു പേരെയും പരിപാടിക്ക് സ്ഥലം അനുവദിച്ച സ്ഥാപനത്തിലെ ജീവനക്കാരനുമാണ് നാടുകടത്തപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ച് പേരെയും നാടുകടത്തൽ നടപടിക്ക് വിധേയമാക്കിയത്.
ദമ്മാം നഗര ഹൃദയത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ നബിദിനവുമായി ബന്ധപ്പെട്ട ആഘോഷമാണ് അരങ്ങേറിയത്. നുറുകണക്കിന് ആളുകളാണ് ഇതിൽ പങ്കെടുത്തത്. പരിപാടി ഏതാണ്ട് അവസാനിക്കാറായ സമയത്താണ് പ്രത്യേക അന്വേഷണ സംഘം ഓഡിറ്റോറിയത്തിൽ എത്തിയത്. സ്വകാര്യമായ ചടങ്ങാണ് നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ പരിപാടിയുമായി ബന്ധപ്പെട്ട് വാട്സ് ആപ് വഴി പ്രചരിപ്പിച്ച പോസ്റ്ററുകളുടെ സ്ക്രീൻ ഷോട്ടുകളും വോയിസ് മെസേജുകളും അവർക്ക് വിനയായി. ഈ തെളിവുകളെല്ലാം അന്വേഷണ സംഘത്തിെൻറ കൈവശമുണ്ടായിരുന്നു.
നാടുകടത്തപ്പെട്ടവർ ഹൈദരാബാദ് വിമാനത്തിലാണ് പോയത്. ചില സുഹൃത്തുക്കൾ ഇവരെ അനുഗമിച്ചു. ദമ്മാമിലെ മത, സാമൂഹിക രംഗങ്ങളിൽ സജീവമായി ഇപെട്ടിരുന്നവരാണ് നാടുകടത്തപ്പെട്ട അഞ്ചുപേരും. ഇതിന് മുമ്പ് ചില സാമൂഹിക സംഘടനാ പരിപാടികളിലും അന്വേഷ സംഘങ്ങൾ എത്തിയിരുന്നെങ്കിലും കാര്യങ്ങൾ ബോധിപ്പിക്കാൻ സാധിച്ചതോടെ കേസ് ഒഴിവാക്കുകയായിരുന്നു. അതുപോലെ മോചിപ്പിക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു ഇൗ കേസിലെ പ്രതികൾ. കേസ് കോടിതിയിലെത്തിയാൽ കാര്യങ്ങൾ ബോധ്യപ്പെടുപ്പെടുത്തി ഇവരെ പുറത്തിറക്കാൻ കഴിയുമെന്ന വിശ്വാസവും സംഘാടകരുമായി ബന്ധപ്പെട്ടവർക്കുണ്ടായിരുന്നു. എന്നാൽ പ്രഥമ കോടതിയിൽ തന്നെ തീർപ്പുണ്ടാവുകയും നാടുകടത്താൻ വിധിക്കുകയുമായിരുന്നു.
മതപരവും രാഷ്ട്രീയവുമായ ഉദ്ദേശത്തോടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സൗദി അറേബ്യയിൽ അനുമതി ലഭിക്കുകയില്ലെന്നും അനുമതിയില്ലാതെ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കലാ, സാംസ്കാരിക, സാമൂഹിക പരിപാടികൾ നടത്തുന്നതിന് സൗദി സർക്കാർ അനുമതി നൽകുന്നുണ്ട്. നിയമാനുസൃതം അനുമതി നേടി പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകുന്നുമുണ്ട്.
പ്രവാസി മലയാളി സാമൂഹിക സംഘടനകൾ നിരവധി മെഗാ ഷോകളും ഇവൻറുകളുമൊക്കെ സൗദി സർക്കാരിെൻറയും എൻറർടൈൻമെൻറ് അതോറിറ്റിയുടെയും അനുമതിയോടെ തന്നെ വിപുലമായി ആഘോഷപൂർവം നടത്തുന്നുമുണ്ട്. സിനിമാ താരങ്ങളും ഗായകരും സെലിബ്രിറ്റി പ്രതിഭകളും താരങ്ങളും സൗദിയിലെത്തുകയും മെഗാഷോകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.