ശ്രദ്ധേയമായി ഹ്രസ്വ സിനിമ; സ്നേഹബന്ധങ്ങളുടെ ഇഴകൾ നെയ്ത ‘ഇത് പ്രവാസം, ഇത് ജീവിതം’
text_fieldsഅൽ ഖോബാർ: പ്രവാസത്തിന്റെ ഊഷരതയിൽനിന്ന് സ്നേഹബന്ധങ്ങളുടെ ഹൃദയസ്പർശിയായ കഥ പറയുന്ന ‘ഇത് പ്രവാസം, ഇത് ജീവിതം’ എന്ന ഹ്രസ്വ സിനിമ ശ്രദ്ധേയമാകുന്നു. മാനുഷിക ബന്ധങ്ങളെ പരസ്പര സഹകരണത്തിന്റെ നൂഴിലകളാൽ കോർത്തിണക്കിയ സിനിമ വർത്തമാനകാല യാഥാർഥ്യങ്ങളിലേക്ക് പിടിച്ച കണ്ണാടി കൂടിയാണ്.
കേരളത്തിൽ നടന്ന ചില അക്രമസംഭവങ്ങൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യുന്ന രീതിയും സാധാരണ മനുഷ്യർ സത്യമെന്തെന്നറിയാതെ പക്ഷം ചേരുന്നതുമായ ഒരു പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
സ്ഥിരീകരിക്കാത്ത വാർത്തകളെ അടിസ്ഥാനമാക്കി നിഗമനങ്ങളിൽ എത്തുന്നതിനെ കഥയുടെ ആദ്യത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളായ ജോസഫിന്റെ ജേണലിസ്റ്റാവാൻ കൊതിക്കുന്ന മകൾ അന്ന തള്ളിപ്പറയുന്നു.
ദീർഘകാലമായി സൗദി അറേബ്യയിലെ സാമൂഹിക പ്രവർത്തകനായ ഹാജിക്കയും സുഹൃത്ത് ജോസഫും അയൽവാസിയായ അനിലിനൊപ്പം ഹാജിക്കയുടെ പഴയ സുഹൃത്ത് ഭാസ്കരനെ കാണാൻ പോകുന്ന യാത്രയിലൂടെയാണ് കഥാഗതി പുരോഗമിക്കുന്നത്.
നോമ്പുണ്ടായിട്ടും യാത്രക്കിക്കിടെ ഹാജിക്ക തന്റെ കൂട്ടുകാർ ഭക്ഷണം കഴിച്ചോ എന്ന് ഉറപ്പുവരുത്തുന്നുണ്ട്. ആ യാത്രയിലൂടെ തന്റെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ച ഹാജിക്കയിൽ ‘അപരന്റെ സുഖത്തിലാണ് അവനവന്റെ സുഖം’ എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അനിൽ ദർശിക്കുന്നു.
സോഷ്യൽ മീഡിയ പ്രസരിപ്പിക്കുന്ന വിദ്വേഷജനകമായ വാർത്തകൾ അപ്പാടെ വിശ്വസിക്കുന്ന അനിലിന് അതൊരു പുതിയ അനുഭവവും തിരിച്ചറിവുമായി മാറുന്നു.
ഭാസ്കരന്റെ വീട്ടിലെത്തിയ ഹാജിക്കയെയും ജോസഫിനെയും അനിലിനെയും ഊഷ്മളമായി സ്വീകരിക്കുകയും നോമ്പുതുറ വിരുന്നിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഭാസ്കരന്റെ കുടുംബവും ഹാജിക്കയോടൊത്ത് നോമ്പ് എടുത്തിരുന്നു എന്നത് ഇരുവർക്കുമിടയിൽ സ്നേഹത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നു.
സൗഹൃദത്തിന്റെ അനശ്വര ബന്ധങ്ങളെ ഈടുറ്റ നൂലുകളാൽ ബന്ധിപ്പിക്കേണ്ടതിന്റെയും മിഥ്യാധാരണകളെ മുൻവിധികളില്ലാതെ സമീപിക്കേണ്ടതിന്റെയും ആവശ്യകതയെ ബോധ്യപ്പെടുത്തുന്നതാവുന്നു സംഗമം.
ജാം ക്രിയേഷൻസിന്റെ ബാനറിൽ ബിജു പൂതക്കുളമാണ് ചിത്രം സംവിധാനം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം സഈദ് ഹമദാനി വടുതല നിർവഹിച്ചു. ആശയം: മുഹമ്മദലി. സംഗീതം, ആലാപനം: ബക്കർ താമരയൂർ. വരികൾ: ഹമദാനി. മേക്കപ്പ്: സിദ്ദീഖ് ആലുവ. പ്രൊഡക്ഷൻ കൺട്രോളർ: ഹാരിസ് തോപ്പിൽ, ശരീഫ് കൊച്ചി. അസോസിയേറ്റ് ഡയറക്ടർ: റിനു അബൂബക്കർ. എഡിറ്റിങ്: ഷമീർ പത്തനാപുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.