പി. എം നജീബിനെ അനുസ്മരിച്ചു
text_fieldsദമ്മാം : പി. എം.നജീബ് സുഹൃത് സമിതി ദമ്മാം റോസ് ഗാർഡൻ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ പി.എം നജീബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. മൺസൂർ പള്ളൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പോഷകസംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ. ഐ. സി. സി) സൗദി അറേബ്യയിൽ രൂപീകരിക്കുന്നതിൽ നേതൃത്വംക്കൊടുത്ത മുൻ നിരക്കാരനായിരുന്നു പി.എം നജീബ് എന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.
തന്റെ പ്രവർത്തന മികവുകൊണ്ട് സൗദി പോലെയുള്ള ഒരു രാജ്യത്ത് സംഘടനാ പ്രവർത്തനം ഏറെ ദുഷ്ക്കരമായിരുന്ന ആ കാലഘട്ടത്തിൽ വിവിധ പ്രവിശ്യകളിലുള്ള കോൺഗ്രസ് പ്രവർത്തകരെ കണ്ടെത്താനും അവരെയൊക്കെ കോർത്തിണക്കിക്കൊണ്ട് വളരെ ശക്തമായ ഒരു സംഘടനാ സംവിധാനം കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് സാധിച്ചു എന്നത് മൻസൂർ പള്ളൂർ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. പി.എം നജീബിന്റെ വിയോഗം കിഴക്കൻ പ്രവിശ്യയിൽ ഉണ്ടാക്കിയ ഒരു ശൂന്യത ഇവിടങ്ങളിലെ കലാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടാക്കിയ ശൂന്യത ഏറെ വലുതാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മാത്യു ജോസഫ് അഭിപ്രായപെട്ടു.വലുപ്പ ചെറുപ്പമോ ഭാഷാ വ്യത്യാസമോ ഇല്ലാതെ ഏതൊരു പ്രവാസിക്കും പ്രവാസ ലോകത്ത് അനുഭവപ്പെടുന്ന പ്രയാസങ്ങളിൽ എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പിഎം നജീബ് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ പി. എം ഹാരിസ് അനുസ്മരിച്ചു. എപ്പോഴും എല്ലാവരുമായും ഒരു പുഞ്ചിരിക്കുന്ന മുഖവുമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന പിഎം നജീബ് കിഴക്കൻ പ്രവിശ്യയിലെ ഏവർക്കും സുപരിചിതനായിരുന്നു എന്ന് സാജിദ് ആറാട്ടുപുഴ അഭിപ്രായപെട്ടു.
ദമ്മാമിൽ പൊതുരംഗത്തു സജീവസാന്നിധ്യമായ ജെ.സി മേനോൻ, മാലിക് മക്ബൂൽ, ഹമീദ് വടകര ,നാസർ കാവിൽ, മുഹമ്മദ് അലി പാഴൂർ, നവാസ് ചൂനാടൻ, ഷബീർ ആക്കോട്, മജീദ് (സിജി), ഷബീർ ചാത്തമംഗലം, ഡോ. അമിത ബഷീർ, ഷനുബ് അബൂബക്കർ, മണിക്കുട്ടൻ, അമീർ അലി കൊയിലാണ്ടി, സുധീർ പുനയം, പ്രതീഷ് വിശ്വാമിത്രൻ, ജലീൽ പള്ളാത്തുരുത്തി, ജയകുമാർ, ഷാജി ജോസഫ് തുടങ്ങിയവർ പിഎം നജീബിനെക്കുറിച്ചുള്ള മായാത്ത ഓർമകൾ പങ്കുവെച്ചു. ജയരാജ് കൊയിലാണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബൈജു കുട്ടനാട് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.