റെൻറ് എ കാർ സ്വദേശിവത്കരണം: തൊഴിൽ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു
text_fieldsജിദ്ദ: റെൻറ് എ കാർ മേഖലയിൽ സൗദിവത്കരണ നടപടികൾ ത്വരിതപ്പെടുത്താൻ തൊഴിൽ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ഗതാഗത മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഭരണ സമിതി അധ്യക്ഷനുമായ സുലൈമാൻ അൽഹമദാൻ, തൊഴിൽ സാമൂഹ്യ വികസനമന്ത്രി ഡോ.അലി അൽഗഫീസ്,പൊതുസുരക്ഷ മേധാവി ജനറൽ ഉസ്മാൻ അൽമുഹ്റജ് എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിൽ കാര്യ സഹമന്ത്രി അഹമദ് അൽഹുമൈദാൻ, പൊതുഗതാഗത അതോറിറ്റി മേധാവി ഡോ.റുമൈഹ് അൽറുമൈഹും തമ്മിലാണ് ഒപ്പുവെച്ചത്.
പൊതുഗതാഗ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കുന്നതിനും റെൻറ്എ കാർ, ടാക്സി മേഖലകളിലെ സേവനം മികച്ചതാക്കുന്നതിനും സുരക്ഷാസംബന്ധമായ കാര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണിത്. പതിനായിരത്തിലധികം തൊഴിവസരം ഈ രംഗത്തുണ്ടെന്നാണ് കണക്കാക്കുന്നത്. സൗദിവത്കരണ വിജയത്തിനും തൊഴിൽ മേഖലയുടെ പുരോഗതിക്കും സഹായകമായി ഇരുവകുപ്പുകളും ചേർന്ന് പ്രവർത്തിക്കാനാണ് ധാരണ. ഇതിനാവശ്യമായ നടപടികൾ ആവിഷ്കരിക്കും. വിവിധ പരിശീലനപരിപാടികൾ ഒരുക്കും. തൊഴിൽ പദ്ധതികൾക്ക് വേണ്ട സഹായം നൽകും. റെൻറ് എ കാർ മേഖല വ്യവസ്ഥാപിതമാക്കാനാവശ്യമായ ഇ സംവിധാനം ഒരുക്കും. സൗദിവത്കരണ തീരുമാനം ലംഘിക്കുന്നത് നിരീക്ഷിക്കുന്നതിനു വേണ്ട സംവിധാനങ്ങളുണ്ടാകും. ഇതിനു വേണ്ട ആളുകളെ ഒരുക്കും.
സൗദിവത്കരണ നടപടികളുടെ പുരോഗതിയറിയാൻ ടാക്സി ൈഡ്രവർമാരുടെ വിവരങ്ങൾ ഇടക്കിടെ പരിശോധിക്കും. ലൈസൻസിനെ പരിശീലനവുമായി ബന്ധിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലാണ് ഇരുവകുപ്പുകളും ഒപ്പുവെച്ചത്. വിഷൻ 2030 ലക്ഷ്യമിട്ടാണ് പൊതുഗതാഗത രംഗത്ത് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കാനുള്ള പദ്ധതി ഗതാഗത, തൊഴിൽ മന്ത്രാലയം ആവിഷ്കരിക്കുന്നത്. പൊതുഗതാഗത രംഗത്ത് കൂടുതൽ സ്വദേശികൾക്ക് പരിശീലനം നൽകി തൊഴിലവസരമൊരുക്കുന്നതിന് ഗതാഗത അതോറിറ്റി നേരത്തെ വിവിധ പദ്ധതികൾനടപ്പിലാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനമുള്ള സ്വദേശികൾക്ക് നിശ്ചിത നിബന്ധനകൾ പാലിച്ചാൽ വാഹനമുപയോഗിച്ച് ടാക്സി സർവീസ് നടത്താൻ അവസരം നൽകിയിരുന്നു.
ഇതിലൂടെ ടാക്സി രംഗത്ത് കൂടുതൽ സ്വദേശികൾക്ക് തൊഴിവസരമുണ്ടാകാൻ സഹായകമായതായാണ് വിലയിരുത്തപ്പെടുന്നത്. ഇതിെൻറ തുടർച്ചയെന്നോണമാണ് ഇപ്പോൾ റെൻറ് എ കാർ തുടങ്ങിയ മേഖലയിൽ തൊഴിൽ മന്ത്രാലയവും ഗതാഗത വകുപ്പും ചേർന്നൊരുക്കുന്ന പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.