റിപ്പബ്ലിക്ദിനാഘോഷം: സൗദിയിലും സമുചിതമായി കൊണ്ടാടി
text_fieldsറിയാദ്: ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനാഘോഷം സൗദിയിലും ആവേശത്തോടെ കൊണ്ടാടി. രാവിലെ റിയാദിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് ത്രിവർണ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ആശംസകൾ നേർന്ന അദ്ദേഹം ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ അതിദ്രുതം ശക്തമാകുന്ന ബന്ധത്തിെൻറ സവിശേഷതകളെ കുറിച്ച് സംസാരിച്ചു. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സന്ദേശവും അംബാസഡർ ചടങ്ങിൽ വായിച്ചു. തുടർന്ന് റിയാദിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി. സൗദിയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ളവർ ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തു.
വൈകീട്ട് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ ഒരുക്കിയ ഔപചാരിക സ്വീകരണ പരിപാടിയിൽ റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിൻ മുഖ്യാതിഥിയായി. വിദേശകാര്യ മന്ത്രാലയം പ്രോട്ടോകോൾകാര്യ അണ്ടർ സെക്രട്ടറി അംബാസഡർ ഖാലിദ് ബിൻ ഫൈസൽ അൽ സഹ്ലിയും പങ്കെടുത്തു. മേയറും ഇന്ത്യൻ അംബാസഡറും ചേർന്ന് കേക്ക് മുറിച്ചു. ഇന്ത്യൻ പ്രവാസികൾക്കൊപ്പം വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും സൗദി പ്രമുഖരും ആഘോഷ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ചടങ്ങ് നടന്ന ഹാളിൽ ഇന്ത്യ-സൗദി ബന്ധങ്ങൾ എന്ന വിഷയത്തിൽ ഇരുരാജ്യങ്ങളിലെയും പ്രമുഖ കലാകാരന്മാരുടെ പെയിന്റിങ് എക്സിബിഷൻ ഒരുക്കിയിരുന്നു. കൂടാതെ, ഇന്ത്യൻ കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, ഭക്ഷണം, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന നിരവധി സ്റ്റാളുകൾ കൊണ്ടും പരിപാടി സ്ഥലം അലങ്കരിച്ചിരുന്നു. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വർഷം ആഘോഷിക്കുന്ന സന്ദർഭം കൂടിയായതിനാൽ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ റിപ്പബ്ലിക്ദിനാഘോഷത്തിനും വലിയ പ്രാധാന്യമാണ് കൽപിക്കുന്നതെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.