74ാം റിപ്പബ്ലിക് ദിനം; സൗദിയിൽ ആഘോഷം പ്രൗഢം
text_fieldsറിയാദ്: ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയതിന്റെ 74ാം വാർഷികം സമുചിതമായി കൊണ്ടാടി സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സ്കൂളുകളിലും പ്രൗഢമായ ആഘോഷങ്ങളാണ് അരങ്ങേറിയത്. വിവിധ പ്രവാസി സംഘടനകൾ സ്വന്തം നിലയിൽ ആഘോഷങ്ങളും അനുബന്ധമായി ചർച്ചാസംഗമങ്ങളും സംഘടിപ്പിച്ചു. റിയാദിലെ എംബസിയിൽ രാവിലെ ഒമ്പതിന് പതാക ഉയർത്തലോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അംബാഡർ ഡോ. സുഹൈൽ അജാസ് ഖാൻ എംബസി അങ്കണത്തിൽ പതാക ഉയർത്തി.
സമൂഹത്തിന്റെ നാനാതുറകളിൽനിന്ന് നിരവധി പ്രവാസികളാണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. പതാക ഉയർത്തലിനും ദേശീയ ഗാനാലാപനത്തിനും ശേഷം അംബാസഡർ രാഷ്ട്രപതിയുടെ പ്രസംഗം വായിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വ്യാപാര, വാണിജ്യ, സാംസ്കാരിക, സൈനിക മേഖലകളിലെല്ലാം ഊഷ്മള ബന്ധമാണുള്ളതെന്നും അത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും ആശംസകൾ നേർന്ന അംബാസഡർ, ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വളർന്നുവരുന്ന ബന്ധത്തെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കഴിഞ്ഞ വർഷം നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് അംബാസഡർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ആഘോഷം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും
ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന 74ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ പ്രസിഡന്റിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം അദ്ദേഹം വായിച്ച് കേള്‍പ്പിച്ചു. ഇന്ത്യൻ പതാകയുടെ നിറങ്ങളിൽ തയാറാക്കിയ കേക്ക് കോൺസൽ ജനറലിനോടൊപ്പം വിവിധ കോൺസൽമാർ ചേർന്ന് മുറിച്ചു.
74ാമത് റിപ്പബ്ലിക് ദിനോപഹാരമായി കോൺസുലേറ്റ് അങ്കണത്തിൽ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ പ്രതിമ കോൺസൽ ജനറൽ അനാച്ഛാദനം ചെയ്യുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികള്‍ ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു. ജിദ്ദയിലെ വിവിധ രംഗങ്ങളിൽനിന്നുള്ള ഇന്ത്യൻ പ്രവാസികൾ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകീട്ട് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ജിദ്ദയിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ വിരുന്ന് സംഘടിപ്പിച്ചു. സൗദി വിദേശകാര്യ മന്ത്രാലയം മക്ക മേഖല ഡയറക്ടർ ജനറൽ മാസിൻ ബിൻ ഹമദ് അൽ ഹിമാലി പരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു. സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സ്വദേശി പ്രമുഖർ, വിവിധ രാജ്യങ്ങളിലെ കോൺസൽ ജനറൽമാർ, നയതന്ത്രജ്ഞർ, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജിദ്ദയിലെ ഡാൻസ് ഗ്രൂപ് ഐ.സി.സി.ആർ അവതരിപ്പിച്ച വിവിധ ഡാൻസ് പരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.