ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ: റിപ്പബ്ലിക് ദിനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി ആഘോഷിച്ചു. കോൺസുലേറ്റ് വളപ്പിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പതാക ഉയർത്തി. 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തിൽ സൗദിയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് കോൺസൽ ജനറൽ ഊഷ്മളമായ ആശംസകൾ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമമാണ് കോൺസുലേറ്റിന്റെ പ്രഥമ പരിഗണനയെന്ന് കോൺസൽ ജനറൽ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ഇതിനായി കോൺസുലേറ്റ് നിരവധി ഓപൺ ഹൗസുകൾ സംഘടിപ്പിച്ചു. ഇതിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ നേരിട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥരോട് സംവദിക്കാൻ അവസരമുണ്ടായി. കോൺസൽ ജനറൽ ഉൾപ്പെടെയുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥർ പരാതികൾ പരിഹരിക്കുന്നതിന് ശ്രദ്ധ നൽകി. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽപെട്ടതും ജിദ്ദയിൽനിന്നും ഏറെ ദൂരത്തുള്ള നഗരങ്ങളായ ജിസാൻ, നജ്റാൻ, തബൂക്ക്, മദീന തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് കോൺസുലർ സേവനങ്ങളും ക്ഷേമസേവനങ്ങളും നൽകുന്നതിനായി ‘കോൺസുലേറ്റ് ഓൺ വീൽസ്’ പ്രോഗ്രാമിന് കീഴിൽ വിവിധ സന്ദർശനങ്ങൾ നടത്തി.
സന്ദർശനവേളകളിൽ അതത് പ്രദേശത്ത് സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന വിവിധ ഇന്ത്യൻ സംഘടന നേതാക്കളുടെയും കമ്യൂണിറ്റി അംഗങ്ങളുടെയും വിലപ്പെട്ട സംഭാവനകളെ അദ്ദേഹം തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക്ദിന സന്ദേശത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ കോൺസുൽ ജനറൽ സദസ്സിന് മുന്നിൽ വായിച്ചു. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലിയായി ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ ചടങ്ങ് നിയന്ത്രിച്ചു. കോൺസുലേറ്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ കോൺസൽ ജനറൽ പുഷ്പാർച്ചന നടത്തി.
കോണ്‍സല്‍ ജനറലും പത്നി ഡോ. ഷക്കീല ഷാഹിദും ചേര്‍ന്ന് റിപ്പബ്ലിക്ദിന കേക്ക് മുറിച്ചു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കോണ്‍സല്‍ ജനറല്‍ വിതരണം ചെയ്തു. കാലിഗ്രാഫിയില്‍ വിവിധ നേട്ടങ്ങള്‍ കൈവരിച്ച മലയാളിയായ ആമിന മുഹമ്മദ് ബൈജുവിന് പ്രത്യേകം സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ചു.
ആഘോഷ പരിപാടിയിൽ വിവിധ കോണ്‍സല്‍മാര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, വിവിധ ഇന്ത്യൻ സംഘടന നേതാക്കള്‍ മറ്റുള്ള നിരവധി പേര് ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ജിദ്ദ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലും വർണാഭമായ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. സ്കൂള്‍ വിദ്യാര്‍ഥികളുടെ മാർച്ച് പാസ്റ്റടക്കം പരിപാടികള്‍ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.