രക്ഷാപ്രവർത്തന വിദഗ്ധൻ ഈശ്വർ മാൽപെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും
text_fieldsജിദ്ദ: ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഈശ്വർ മാൽപെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും. ദുരന്ത സമയത്ത് സ്വന്തം പരിമിതികളെ അതിജീവിച്ച് മനുഷ്യ ജീവനുകൾക്ക് കൈത്താങ്ങായും ജീവനറ്റ മൃതശരീരങ്ങൾ കണ്ടത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള രക്ഷാപ്രവർത്തകരെ ആദരിക്കുന്നതിനായുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന പൗരാവലിയുടെ പ്രവർത്തക സമിതി യോഗത്തിലാണെടുത്തത്.
ആദ്യപടിയായി ഈശ്വർ മാൽപെയെ ആദരിക്കുന്നതോടൊപ്പം ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വേണ്ടി ലോറി ഉടമ മനാഫ് നടത്തിയ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കും. കേരളത്തിലെ കവളപ്പാറ, ചൂരൽമല പാതാർ, താനൂർ തൂവൽതീരം തുടങ്ങിയ ദുരന്ത മേഖലകളിൽ വിവിധ തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക സംഘടനകളെ ആദരിക്കുകയും ആവശ്യമെങ്കിൽ രക്ഷാപ്രവർത്തങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങി നൽകുകയും ചെയ്യും.
അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജിദ്ദയിൽ ആരോഗ്യ ബോധവൽത്കരണ ക്യാമ്പ് സംഘടിപ്പിക്കുകയും പ്രവാസി സാമൂഹിക പ്രവർത്തകർക്കും ആരോഗ്യ ഇൻഷുറൻസ് നിലവിലില്ലാത്തവർക്കും പ്രത്യേക പ്രിവിലേജ് കാർഡുകൾ ജിദ്ദ കേരള പൗരാവലി വിതരണം ചെയ്യും.
ഓഫ് കാമ്പസുകളും നീറ്റ് എക്സാം സെന്ററുകളും ജിദ്ദയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടന്നുവരികയാണ്. നാട്ടിലും പ്രവാസ ലോകത്തുമുള്ള ആനുകാലിക പ്രസക്തമായ വിഷയങ്ങളിൽ ക്രിയാത്മക ഇടപ്പെടലിനുള്ള പ്രവത്തനങ്ങളെക്കുറിച്ചുള്ള പുരോഗതിയും യോഗം വിലയിരുത്തി. ജിദ്ദ കേരള പൗരാവലിയുടെ പ്രവർത്തക സമിതി യോഗത്തിൽ ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ആക്ടിങ് ട്രഷറർ വേണുഗോപാൽ അന്തിക്കാട് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും അബ്ദുൽ ഖാദർ ആലുവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.