ഇന്ത്യൻ ഹാജിമാരുടെ താമസസ്ഥലം; അസീസിയ അക്കമഡേഷൻ മാപ്പ് പുറത്തിറക്കി
text_fieldsമക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ ഇന്ത്യൻ ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയ മക്ക അസീസിയയിലെ ഹാജിമാരുടെ അക്കമഡേഷൻ ക്യാമ്പ് ലൊക്കേഷൻ ഇന്ത്യൻ ഹജ്ജ് മിഷൻ പുറത്തിറക്കി. കെട്ടിടങ്ങളെ മൊത്തം 13 ബ്രാഞ്ചുകളായി തിരിച്ച് അവക്ക് മാപ്പിൽ പ്രത്യേക നിറം നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് കൃത്യമായി മാപ്പിന്റെ ഇടതുഭാഗത്ത് പ്രത്യേകം ടേബിളായി കൊടുത്തിട്ടുണ്ട്.
ഇത് ഓരോ കെട്ടിടത്തെയും എളുപ്പത്തിൽ മനസ്സിലാക്കാൻ ഏറെ സഹായിക്കും. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന 519 കെട്ടിടങ്ങളുടെയും കൃത്യമായ ലൊക്കേഷൻ ഇതിൽ കാണിച്ചിട്ടുണ്ട്. ഇതു മുഖേന ഓരോ ഹാജിയുടെയും താമസസ്ഥലം പെട്ടെന്ന് മാപ്പിലൂടെ മനസ്സിലാക്കി കണ്ടെത്താൻ സാധിക്കും.
ഇന്ത്യൻ ഹജ്ജ് മിഷൻ ഹാജിമാർക്കായി താൽക്കാലികമായി ഒരുക്കിയ 40, 30, 20 ബെഡുകളുള്ള മൂന്ന് ആശുപത്രികൾ, ഹാജിമാർക്കുള്ള ട്രാൻസ്പോർട്ടേഷൻ ഓഫിസ്, നഷ്ടപ്പെട്ട ബാഗേജ് കണ്ടെത്താനുള്ള ഓഫിസ്, ബസ് സ്റ്റേഷനുകൾ, പള്ളികൾ, റോഡുകൾ തുടങ്ങി തീർഥാടകർക്കും സന്നദ്ധ വളന്റിയർമാർക്കും മറ്റുള്ളവർക്കും ആവശ്യമുള്ള മുഴുവൻ ലൊക്കേഷനുകളും അടയാളപ്പെടുത്തിയതാണ് മാപ്പ്. അസീസിയയിലെ മഹത്തതുൽ ബങ്ക്, ബിൻ ഹുമൈദ്, അബ്ദുല്ല ഖിയാത്ത് എന്നീ പ്രദേശങ്ങളാണ് മാപ്പിൽ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.