രാജ്യത്ത് വയോജനങ്ങൾക്ക് മാത്രമായി റിസോർട്ട് പദ്ധതി
text_fieldsഅൽ-ബാഹ: രാജ്യത്ത് വയോജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി റിസോർട്ട് പദ്ധതി. വൃദ്ധജനങ്ങളെ ആദരിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി (ഇക്രം) ആണ് അൽ-ബാഹയിൽ 'ഇക്രം നാഷനൽ റിസോർട്ട് പ്രോജക്ട്'പൂർത്തീകരിച്ചത്. വയോജന പരിപാലനം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ താൽപര്യത്തിന്റെയും പ്രയത്നത്തിന്റെയും ഭാഗമായി ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ചാണ് പദ്ധതി ആരംഭിച്ചത്.
വയോജനങ്ങളെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ വിശ്വാസത്തെ അടിസ്ഥാനമാക്കി ഇക്രം റിസോർട്ട് സമഗ്ര ആരോഗ്യ, സാമൂഹിക, മാനസിക പരിചരണ സേവനങ്ങൾ നൽകുമെന്ന് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുറഹ്മാൻ അബു റിയ പറഞ്ഞു. 23,000 ചതുരശ്ര മീറ്ററിലുള്ള റിസോർട്ടിൽ ആദ്യഘട്ടത്തിൽ ഗെസ്റ്റ് ഹൗസ്, മസ്ജിദ്, തിയറ്റർ, ഹെൽത്ത് ആൻഡ് സ്പോർട്സ് ക്ലബ്, ഔട്ട്ഡോർ വാക്ക്വേ, സെൻട്രൽ റസ്റ്റാറന്റ്, ലൈബ്രറി, ക്ലിനിക്കുകൾ, ഫാർമസി എന്നിവ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ആരാരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോവുന്ന വയോജനങ്ങൾക്ക് പ്രാഥമിക ഹോം കെയറും താമസസൗകര്യവും നൽകുന്നതിനൊപ്പം ഉയർന്ന നിലവാരമുള്ള പരിചരണംകൂടി ലഭ്യമാക്കുക എന്ന ദൗത്യമാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് അബുറിയ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.