മലയാളി കുടുംബത്തിന് തണലേകിയ പൊലീസുകാര്‍ക്ക് ആദരം
text_fieldsഅജ്മാന്‍: കുഞ്ഞിന് കോവിഡ് പരിശോധനക്കെത്തിയ മലയാളി കുടുംബത്തിന് കടുത്ത ചൂടില്‍ തണലൊരുക്കിയ പൊലീസുകാര്‍ക്ക് അജ്മാന്‍ കിരീടാവകാശിയുടെ ആദരവ്.
കഴിഞ്ഞ ദിവസമാണ് അജ്മാനില്‍ കുട്ടികളുമായി കോവിഡ് പരിശോധനക്ക് വന്ന മലയാളി കുടുംബത്തിന് കടുത്ത ചൂടിനെ തുടര്‍ന്ന് പൊലീസുകാര്‍ പട്രോളിങ് വാഹനത്തില്‍ വിശ്രമിക്കാന്‍ അവസരം നല്‍കിയത്. വാക്സിന്‍ കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം അസഹ്യ ചൂടിൽ ബുദ്ധിമുട്ടുന്നത് കണ്ട പൊലീസുകാര്‍ പട്രോളിങ് വാഹനത്തിലേക്ക് സ്ത്രീയെയും കുട്ടികളെയും കയറ്റിയിരുത്തുകയായിരുന്നു. പൊലീസുകാരെൻറ ഹൃദയസ്പര്‍ശിയായ പ്രവൃത്തി കണ്ട പിതാവ് ഈ സംഭവം വിഡിയോയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഇതേ വിഡിയോ അജ്മാന്‍ പൊലീസും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചു. ഇതുകണ്ട അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഈ വിഡിയോ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. അജ്മാന്‍ പൊലീസിലെ ഉദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ് അബ്ദുല്ല, ഫാത്ത് അല്‍ റഹ്മാന്‍ അഹ്മദ് അബ്ഷര്‍ എന്നിവരെ അജ്മാന്‍ കിരീടാവകാശി തെൻറ ഓഫിസില്‍ ക്ഷണിച്ചുവരുത്തി പ്രത്യേകം ആദരിച്ചു.
രണ്ട് പൊലീസുകാരുടെയും മാനുഷിക നിലപാടുകളെയും അവരുടെ ഉത്തരവാദിത്തബോധത്തെയും മടികൂടാതെ സഹായങ്ങൾ നൽകുന്നതിനെയും അജ്മാന്‍ കിരീടാവകാശി പ്രശംസിച്ചു. പൗരന്മാരും താമസക്കാരും ഉടൻ സഹായവും സേവനവും നൽകുന്നതിൽ അതിശ്രദ്ധ പുലര്‍ത്തണമെന്നും അജ്മാൻ പൊലീസിലെ ഇവരുടെ സാന്നിധ്യം തങ്ങളുടെ യശസ്സ് ഉയര്‍ത്തിയതായും ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി അഭിപ്രായപ്പെട്ടു. തങ്ങളെ അഭിനന്ദിച്ച കിരീടാവകാശിക്ക് പൊലീസുകാര്‍ നന്ദിയറിയിച്ചു. അജ്മാൻ പൊലീസ് മാനവ വിഭവശേഷി വകുപ്പ് മേധാവി ബ്രിഗേഡിയർ മുബാറക് അൽ-റാസി, പട്രോൾസ് ആൻഡ് ട്രാഫിക് വകുപ്പു മേധാവി ലെഫ്റ്റനൻറ് കേണൽ സെയ്ഫ് അൽ ഫലസി, ഭരണാധികാരിയുടെ ഉപദേഷ്ടാവ് അബ്ദുല്ല അമിൻ അൽ-ശുറഫ, കിരീടാവകാശിയുടെ ഓഫിസ് മേധാവി അഹമ്മദ് ഇബ്രാഹിം അൽ ഗംലാസി, പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി ഡയറക്ടർ ജനറൽ യൂസുഫ് മുഹമ്മദ് അൽ നുഐമി തുടങ്ങി നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങില്‍ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.