ബൂസ്റ്റർ ഡോസെടുക്കാത്തവർക്ക് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
text_fieldsജിദ്ദ: രാജ്യത്ത് കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്കുള്ള നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. കര, കടൽ, ട്രെയിൻ, ആഭ്യന്തര വിമാന യാത്രകൾക്കും സ്ഥാപനങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും പ്രവേശനത്തിനും ബൂസ്റ്റർ ഡോസ് എടുക്കൽ ഇതോടെ നിർബന്ധമായി. 18 വയസ്സിന് മുകളിലുള്ളവരും കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ടു മാസം കഴിഞ്ഞവരുമായ എല്ലാവർക്കും ഹോട്ടലുകളിലും കഫേകളിലും കച്ചവട സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിച്ചിരിക്കണം. എന്നാൽ, വാക്സിനെടുക്കുന്നതിൽനിന്ന് ഇളവ് നൽകിയവർക്ക് തീരുമാനം ബാധകമല്ലെന്ന് വാണിജ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി. വാക്സിൻ സ്വീകരിക്കുന്നതിൽനിന്ന് പ്രത്യേകം ഇളവ് നൽകപ്പെട്ട വിഭാഗങ്ങളെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കുക. 2021 ജൂൺ ഒന്നിനും അതിനു മുമ്പും രണ്ടാം ഡോസ് സ്വീകരിച്ച, ഇനിയും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരുടെ ആരോഗ്യനില ചൊവ്വാഴ്ച മുതൽ തവക്കൽനാ ആപിൽ ഇളം പച്ചയായി മാറി. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ ഇമ്യൂൺ സ്റ്റാറ്റസ് കടുംപച്ചയായി തുടരുന്നുണ്ട്. 2021 ഒക്ടോബർ ഒന്നിന് രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ജനുവരി ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. ഇവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടില്ലെങ്കിലും തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് തുടരും. എന്നാൽ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തപക്ഷം എട്ടു മാസം പൂർത്തിയാകുന്ന 2022 ജൂൺ ഒന്നു മുതൽ ഇവരുടെ ഇമ്യൂൺ സ്റ്റാറ്റസിൽ മാറ്റംവരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.