വിദേശികളുടെ മടക്കം; സൗദിയിൽ ജനസംഖ്യ ഒമ്പത് ലക്ഷം കുറഞ്ഞു
text_fieldsജിദ്ദ: സൗദിയിലെ ജനസംഖ്യയിൽ 2.6 ശതമാനം കുറവ് വന്നതായി റിപ്പോർട്ട്. 2021 മധ്യത്തിലുള്ള കണക്കുകൾ പ്രകാരം ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട വിവരമാണിത്. ഈ കാലയളവിൽ നേരത്തെ ഉണ്ടായിരുന്ന ജനസംഖ്യയിൽ നിന്നും ഒമ്പത് ലക്ഷം ആളുകൾ കുറഞ്ഞു മൊത്തം രാജ്യത്തെ ജനസംഖ്യ 3.41 കോടിയിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2020 ന്റെ മധ്യത്തിൽ ജനസംഖ്യ 3.5 കോടിയായിരുന്നു. വിദേശികളുടെ ജനസംഖ്യയിലാണ് കുറവ് വന്നിട്ടുള്ളത്.
മുൻവർഷത്തെ അപേക്ഷിച്ച് 2021 മധ്യത്തിൽ 8.6 ശതമാനം വിദേശ ജനസംഖ്യ കുറവുണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് ധാരാളം വിദേശികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങിയതിനാലാണ് ഈ കുറവ് വന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതേ കാലയളവിൽ സ്വദേശി ജനസംഖ്യ 1.2 ശതമാനമായി വർധിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയിൽ സൗദികളല്ലാത്തവരുടെ പങ്ക് 2021 പകുതിയോടെ 36.4 ശതമാനമായി കുറഞ്ഞു. 2020 മധ്യത്തിൽ ഇത് 38.8 ശതമാനമായിരുന്നു.
അതേസമയം സ്വദേശികളുടെ വിഹിതം 61.2 ശതമാനത്തിൽ നിന്ന് 63.6 ശതമാനമായി വർദ്ധിച്ചു. 2021 ന്റെ മധ്യത്തിൽ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ സ്വദേശികളും വിദേശികളുമായി 1.94 കോടി (56.8 ശതമാനം) പുരുഷന്മാരും 1.47 കോടി (43.2 ശതമാനം) സ്ത്രീകളുമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. സൗദിയിൽ 2019 ലും 2020 ലും ജനസംഖ്യ വർദ്ധിച്ചിരുന്നു. ലോകരാജ്യങ്ങളിലെ ജനസംഖ്യയുടെ കണക്കിൽ സൗദി അറേബ്യ 41ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.