യുക്രെയ്നിൽനിന്ന് മടങ്ങുന്നവർക്ക് പി.സി.ആർ ഫലം ആവശ്യമില്ലെന്ന് സൗദി
text_fieldsജുബൈൽ: യുക്രെയ്നിൽനിന്ന് മടങ്ങിയെത്തുന്ന പൗരന്മാർക്കുള്ള കോവിഡ് പി.സി.ആർ പരിശോധന സൗദി വ്യോമയാന അതോറിറ്റി ഒഴിവാക്കി. പകരം രാജ്യത്തെത്തി 48 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തിയാൽ മതിയാകും. യുക്രെയ്നിൽനിന്ന് യാത്ര ചെയ്യുന്ന എല്ലാ പൗരന്മാർക്കും രാജ്യത്ത് പ്രവേശിക്കുന്നതിനുമുമ്പ് പി.സി.ആർ പരിശോധനഫലം കാണിക്കണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വിമാന കമ്പനികളോടും നിർദേശിച്ചു. നിയമം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് സർക്കാർ നിയന്ത്രണങ്ങളുടെ ലംഘനമാകുമെന്നും അവ ലംഘിക്കുന്ന ആർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ഗാക അറിയിച്ചു.
വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെതന്നെ സൗദി പൗരന്മാരും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാരും പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ അംഗീകൃത ലാബുകളിൽനിന്ന് പി.സി.ആർ അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ നെഗറ്റിവ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ഫെബ്രുവരി ഒമ്പതിന് പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു. എട്ടു വയസ്സിന് താഴെയുള്ള കുട്ടികളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും കുട്ടികൾക്കുള്ള ടെസ്റ്റിങ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുന്ന രാജ്യം ചുമത്തുന്ന ഏതെങ്കിലും നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.