റിയാദിൽ തൊഴിൽ ചൂഷണ പരാതി കൊടുത്തതിന് പ്രതികാര നടപടി
text_fieldsറിയാദ്: തൊഴിൽ ചൂഷണത്തിനിരയായി അധികൃതർക്ക് പരാതി നൽകിയ ഇന്ത്യൻ തൊഴിലാളികൾക്കെതിരെ തൊഴിലുടമയുടെ പ്രതികാര നടപടി. താമസസ്ഥലത്തെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു.
റിയാദിന് സമീപം ബംബാനിലുള്ള സ്വകാര്യ കമ്പനിയിലെ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളാണ് പ്രശ്നത്തിലായത്. ഇവർ ഏതാനും ദിവസം മുമ്പ് ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിരുന്നു. സ്വകാര്യ കമ്പനിയിൽ പ്ലാസ്റ്ററിങ് ജോലിക്ക് നിയമിക്കപ്പെട്ടവരാണ് റെസിഡൻറ് പെർമിറ്റും (ഇഖാമ) ശമ്പളവും നൽകാത്തതിനെ തുടർന്ന് പരാതിയുമായി എംബസിയെ സമീപിച്ചത്.
അത്യുഷ്ണത്തിലും വെള്ളവും വെളിച്ചവും ഇല്ലാതെ ദുരിതത്തിൽ കഴിയുകയാണിവർ. കൂടാതെ പുതുതായി വന്ന നാലുപേരുടെ വിസ റദ്ദാക്കി ഫൈനൽ എക്സിറ്റ് അടിച്ചെങ്കിലും ആ വിവരം അവരെ അറിയിക്കാതെ മറച്ചുവെച്ചു. കാലാവധി കഴിഞ്ഞ് അതിന്റെ നിയമക്കുരുക്കും കൂടിയായി. ഉത്തർപ്രദേശ് സ്വദേശികളായ രോഹിതാഷ്, രാം നാരായൺ, ഉത്തരാഖണ്ഡ് സ്വദേശി സാസിദ് ഹുസൈൻ, തമിഴ്നാട് സ്വദേശി പൂവലിംഗം എന്നിവരുടെ എക്സിറ്റാണ് കാലാവധി തീർന്ന് പിഴയിൽ എത്തിയത്.
ഇനി ഇവർക്ക് രാജ്യം വിടണമെങ്കിൽ എക്സിറ്റ് കാലാവധി കഴിഞ്ഞതിന്റെ പിഴത്തുകയായ 1000 റിയാൽ വീതം അടക്കുകയും നിയമനടപടികൾ പൂർത്തിയാക്കുകയും വേണം.
ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് നിയമനടപടികൾ പൂർത്തിയാകുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായാണ് തൊഴിലാളികൾ സൗദിയിൽ എത്തിയത്. ഒന്നര വർഷമായ മലപ്പുറം സ്വദേശി രഞ്ജുവിന്റെയും മൂന്ന് ഉത്തരാഖണ്ഡുകാരുടെയും ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് ഒമ്പത് മാസം പിന്നിട്ടു.
കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യവിഭാഗം, ശുമൈസിയിലെ പെർഫക്റ്റ് ഫാമിലി ട്രേഡിങ് കമ്പനിയുടെ സൂപ്പർ മാർക്കറ്റിന്റെ സഹായത്തോടെ ഭക്ഷണവും കുടിവെള്ളവുമടക്കമുള്ള സഹായങ്ങൾ തൊഴിലാളികൾക്ക് എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.