റിഫ-മീഡിയവൺ ലോകകപ്പ് ഫാൻസ് ഫുട്ബാൾ താരലേലം നാളെ; മത്സരം ഈ മാസം 17ന് റിയാദിൽ
text_fieldsറിയാദ്: റിയാദ് ഫുട്ബാൾ അസോസിയേഷനും (റിഫ) മീഡിയവൺ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന മീഡിയവൺ സൂപ്പർ കപ്പ് ലോകകപ്പ് ഫാൻസ് ഫുട്ബാൾ മേള ഈ മാസം 17ന് രാത്രി ഒമ്പതിന് റിയാദിൽ നടക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന താരങ്ങളുടെ ലേലം വ്യാഴാഴ്ച രാത്രി ഒമ്പതിന് മലസ് പെപ്പർ ട്രീ റസ്റ്റാറന്റിൽ നടക്കും. ലോകരാജ്യങ്ങളെ പ്രതീകാത്മകമായി പ്രതിനിധാനംചെയ്യുന്ന എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഓരോ 'രാജ്യ'ത്തിനും തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളെ സ്വന്തമാക്കാനാണ് ഈ താരലേലം.
'റിഫ'യിൽ രജിസ്റ്റർ ചെയ്‌ത മുന്നൂറോളം കളിക്കാരിൽനിന്നാണ് തെരഞ്ഞെടുപ്പ്. ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, പോർചുഗൽ, സൗദി അറേബ്യ, ഇന്ത്യ എന്നീ 'രാഷ്ട്ര'ങ്ങളുടെ മാനേജർമാരാണ് താരങ്ങളെ വിളിച്ചെടുക്കുക. ഗോൾ കീപ്പർ മുതൽ ഫോർവേഡ് വരെയുള്ള വ്യത്യസ്ത പൊസിഷനിൽ കളിക്കുന്ന മികച്ച കളിക്കാരെയായിരിക്കും ഓരോ മാനേജർമാരും തിരഞ്ഞെടുക്കുക. ഓരോ ടീമും നിശ്ചിത ഡോളറിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണം കളിക്കാരെ സ്വന്തമാക്കേണ്ടത്.
താരലേലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റിഫ-മീഡിയവൺ വൃത്തങ്ങൾ അറിയിച്ചു. ഷക്കീൽ തിരൂർക്കാട്, എം.പി. ഷഹ്ദാൻ, അഹ്ഫാൻ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ ലേലത്തിനുള്ള സാങ്കേതിക തയാറെടുപ്പ് നടക്കുന്നു. കളിക്കാരെ കുറിച്ചുള്ള സൂക്ഷ്മ വിവരങ്ങൾ മുൻകൂട്ടി മാനേജർമാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ടൂർണമെന്റ് ജഴ്‌സിയുടെയും ഫിക്ചറിന്റെയും പ്രകാശനം അന്നേ ദിവസം നടക്കും. റിയാദിലെ മികച്ച കളിക്കാർ എട്ട് ഫാൻസ് ടീമുകളായി കൊമ്പുകോർക്കും.
കഴിഞ്ഞദിവസം മലസിൽ ചേർന്ന റിഫ-മീഡിയവൺ പ്രത്യേകയോഗത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അബ്ദുൽ കരീം പയ്യനാട് അധ്യക്ഷത വഹിച്ചു. റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, സെക്രട്ടറി സൈഫു കരുളായി, ടെക്നിക്കൽ മാനേജർ ഷക്കീൽ തിരൂർക്കാട്, മീഡിയവൺ ഓപറേഷൻ മാനേജർ സലീം മാഹി, മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന, നബീൽ പാഴൂർ, ഹാരിസ് മനമക്കാവിൽ, അഷ്‌റഫ് കൊടിഞ്ഞി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.