റിഫ പ്രീമിയർ ലീഗ്; അവസാന റൗണ്ട് മത്സരങ്ങൾ ഇന്ന്
text_fieldsറിയാദ്: കഴിഞ്ഞ ആറാഴ്ച്ചകളിലായി റിയാദിൽ നടക്കുന്ന റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച പരിസമാപ്തിയാകും.
എ, ബി ഡിവിഷനുകളിലെ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്ക് അസിസ്റ്റ് അക്കാദമി (ദറുൽ ബൈദ) സ്റ്റേഡിയം സാക്ഷിയാകും. എ ഡിവിഷനിൽ യൂത്ത് ഇന്ത്യ സോക്കർ 16 പോയൻറുമായും അസീസിയ സോക്കർ 13 പോയൻറുമായും ഏറ്റുമുട്ടും. ഈ മത്സരത്തിൽ തുല്യ പോയൻറുകൾ വന്നാൽ ഗോൾ ശരാശരി നോക്കി വിജയികളെ നിർണയിക്കും. അതേസമയം 14 പോയൻറുള്ള റോയൽ ഫോക്കസ് ലൈൻ വിജയിക്കാനും രണ്ടാം സ്ഥാനക്കാരാവാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ബി ഡിവിഷനിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാട് ഏതാണ്ട് ചാമ്പ്യൻസ് പട്ടം ഉറപ്പിച്ചിട്ടുണ്ട്. അവർ 16 പോയൻറുമായി താരതമ്യേന ശക്തരല്ലാത്ത ഒബയാർ എഫ്.സിയെ നേരിടും. അതേസമയം രണ്ടാം സ്ഥാനത്തിന് വേണ്ടി കടുത്ത മത്സരമാണ് ബാക്കിയുള്ളത്. സുലൈ എഫ്.സി 13 പോയൻറുമായി ശക്തരായ റോയൽ ബ്രദേഴ്സ് കാളികാവിനെ നേരിട്ട് രണ്ടാം സ്ഥാനക്കാരായി എ ഡിവിഷനിൽ കയറാനുള്ള തയാറെടുപ്പിലാണ്.
വെള്ളിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി പരിപാടിയുടെ വിജയത്തിനായി മുസ്തഫ മമ്പാട് കൺവീനറും റിഫ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഭാരവാഹികളുമായി സബ് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
സമാപന ചടങ്ങിൽ റിയാദിലെ പൗരപ്രമുഖരും പ്രീമിയർ ലീഗ് പ്രായോജകരും പങ്കെടുക്കുമെന്ന് റിഫ ഭാരവാഹികൾ അറിയിച്ചു. റിയാദിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശകരമായ മത്സരങ്ങളായിരിക്കും ദാറുൽ ബൈദ അസിസ്റ്റ് ഗ്രൗണ്ട് വേദിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.