റിഫ മെഗാ കപ്പ് ഫുട്ബാൾ മേളക്ക് ആവേശകരമായ തുടക്കം
text_fieldsറിയാദ്: കേരളത്തിന്റെ ഫുട്ബാൾ പെരുമക്ക് പ്രവാസികളുടെ കളിയാവേശത്തിന്റെ കൈയൊപ്പ് ചാർത്തി 'റിഫ മെഗാ കപ്പ് 2022 സീസൺ-രണ്ട്' ഫുട്ബാൾ ടൂർണമെന്റിന് തുടക്കം. റിയാദ് അൽഖർജ് റോഡിലെ 'ഇസ്കാൻ സ്റ്റേഡിയ'ത്തിലാണ് 'തൻമിയ ട്രോഫി'ക്കുവേണ്ടിയുള്ള രണ്ടാഴ്ച നീണ്ടുനിൽക്കുന്ന മത്സരം ആരംഭിച്ചത്. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) ആണ് 32 സെവൻസ് ടീമുകൾ മാറ്റുരക്കുന്ന ഈ കാൽപന്ത് മാമാങ്കത്തിന് ചുക്കാൻ പിടിക്കുന്നത്. റിയാദിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യ ദിനത്തിൽ രണ്ടു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഏറ്റുമുട്ടിയത്.
സനാഇയ്യ പ്രവാസി എഫ്.സിയും ഹാഫ് ലൈറ്റ് എഫ്.സിയും തമ്മിൽ നടന്ന ആദ്യമത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹാഫ് ലൈറ്റ് വിജയിച്ചു. തുടർന്ന് സുലൈ എഫ്.സി, സോക്കർ ക്ലബ് റിയാദിനെ 3-1ന് പരാജയപ്പെടുത്തി. മികച്ച കളി പുറത്തെടുത്ത ഇരു ടീമുകളും ഗോൾ മുഖങ്ങളിൽ മിന്നൽ റെയ്ഡുകൾ നടത്തി. ഫെഡ് ഫൈറ്റേഴ്സും ഒബയാർ എഫ്.സിയും മാറ്റുരച്ച മൂന്നാമത്തെ മത്സരത്തിൽ 3-1ന് ഫീഡ് ഫൈറ്റേഴ്സാണ് ജയിച്ചത്. സദ്വ എഫ്.സിയുടെ വല ഏഴു തവണ കുലുക്കി റോയൽ ഫോക്കസ് ലൈൻ തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചു. സദ്വക്ക് മിച്ചം ഏക ആശ്വാസ ഗോൾ മാത്രം.
ഉദ്ഘാടന ചടങ്ങിൽ റിഫ ഭാരവാഹികളും ടൂർണമെന്റ് പ്രായോജകരും പങ്കെടുത്തു. 'തൻമിയ' പ്രതിനിധി അഷ്റഫ്, റിഫ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, അബ്ദുൽ കരീം പയ്യനാട്, ഷക്കീൽ തിരൂർക്കാട്, ബാബുക്കുട്ടൻ മഞ്ചേരി, ജുനൈസ് വാഴക്കാട്, മുസ്തഫ മമ്പാട്, നവാസ് സുലൈ, ശരീഫ് കാളികാവ്, നൗഷാദ് ചക്കാല എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ബി-ഗ്രൂപ് മത്സരങ്ങളിൽ മൻസൂറ അറേബ്യ എഫ്.സിയും യുനൈറ്റഡ് എഫ്.സിയും ഓരോ ഗോളുകൾ നേടി സമനില പാലിച്ചു. മൂന്നിനെതിരെ നാല് ഗോളുകളടിച്ച് ടൈ ബ്രേക്കറിൽ മൻസൂറ അടുത്ത റൗണ്ടിലേക്ക് അർഹത നേടി. പ്രവാസി സോക്കറിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് റീകൊ എഫ്.സിയും മുന്നോട്ടുള്ള ബർത്ത് നേടി. പയ്യന്നൂർ സൗഹൃദ വേദിയെ രണ്ട് ഗോളിന് തോൽപിച്ച് വാഴക്കാട് ബ്ലാസ്റ്റേഴ്സും റെഡ് സ്റ്റാർ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച് റെയിൻബോ വാഴക്കാടും ക്വാർട്ടറിൽ പ്രവേശിച്ചു. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ തുടർമത്സരങ്ങൾ നടക്കുന്നതാണ്. വനിതകളടക്കം നിരവധി പേർ മത്സരം വീക്ഷിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.