സൗദി: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ; നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
text_fieldsഅൽഖോബാർ: ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച നിയമഭേദഗതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കനുസൃതമായാണ് വിവിധ മേഖലകളിൽ അവരുടെ അവകാശങ്ങൾക്കുള്ള പുതിയ നിയമം തയാറാക്കിയിരിക്കുന്നതെന്ന് ഭിന്നശേഷി പരിപാലന അതോറിറ്റി സി.ഇ.ഒ ഹിഷാം അൽ ഹൈദരി പറഞ്ഞു.
വിനോദം, സംസ്കാരം, കായികം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതാണ് പുതിയ നിയമം. മനുഷ്യാവകാശങ്ങൾ, നിയമ-സാമൂഹിക വശങ്ങൾ, വൈകല്യത്തിന്റെ പേരിലുള്ള വിവേചനം എന്നിവയുമായി ബന്ധപ്പെട്ട അവകാശ ലംഘനങ്ങൾക്ക് സാമ്പത്തിക പിഴ വിധിക്കുന്നതടക്കമുള്ള വകുപ്പുകൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യം, സംയോജനം, ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യക്തവും ശക്തവുമായ അടിത്തറ സ്ഥാപിക്കാനും വൈകല്യങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങളെക്കുറിച്ച് വ്യക്തികളിൽ അവബോധം വളർത്താനും ലക്ഷ്യമിട്ടുള്ള നിയമം വിവിധ സർക്കാർ മേഖലകളുമായി സഹകരിച്ചാണ് രൂപവത്കരിച്ചിട്ടുള്ളത്.
വിവേചനമില്ലായ്മയെ ചുറ്റിപ്പറ്റിയുള്ള അടിസ്ഥാന തത്ത്വങ്ങളെ മാതൃകയാക്കിയുള്ളതാണ് പുതിയ നിയമം. കൂടാതെ, എല്ലാ സർക്കാർ, സർക്കാറിതര നിയമനിർമാണങ്ങളിലും വിഭിന്നശേഷിക്കാരായ വ്യക്തികളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രായപൂർത്തിയായ വ്യക്തികൾക്ക് നേരിട്ട് നിയമ നടപടികളിൽ ഏർപ്പെടാനുള്ള അവകാശം നിയമം നൽകുന്നു. വിഭിന്നശേഷിയുള്ള വ്യക്തികളുടെ ആവശ്യങ്ങളെക്കുറിച്ച് മറ്റു സഹജീവനക്കാരെ ബോധവത്കരിക്കേണ്ടതിന്റെയും സുഗമമായ ക്രമീകരണങ്ങൾ നൽകേണ്ടതിന്റെയും ആവശ്യകതയും നിയമം ഊന്നിപ്പറയുന്നു.
ഭരണപരമായ വ്യവസ്ഥകൾക്കനുസൃതമായി സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിഭിന്നശേഷിക്കാരായ വ്യക്തികളുടെ സജീവ പങ്കാളിത്തം നിയമം പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തികളുമായി ഫലപ്രദമായി ഇടപഴകുന്നതിന് വാക്കാലുള്ളതോ രേഖാമൂലമോ ആയ ആശയവിനിമയം, ആംഗ്യ ഭാഷ അല്ലെങ്കിൽ മറ്റു ബദൽ മാർഗങ്ങൾ എന്നിവയും അനിവാര്യമാണെന്ന് നിയമത്തിൽ എടുത്തുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.