ഫലസ്തീൻ തടവുകാരുടെ അവകാശം; ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളിൽ അന്താരാഷ്ട്ര അന്വേഷണം വേണം -ഒ.ഐ.സി
text_fieldsറിയാദ്: ഇസ്രായേൽ ജയിലുകളിലെ ഫലസ്തീൻ തടവുകാർക്കെതിരെയുള്ള മനുഷ്യത്വരഹിതമായ സാഹചര്യങ്ങളെക്കുറിച്ചും ഇസ്രായേൽ തുടരുന്ന ലംഘനങ്ങളെക്കുറിച്ചും അടിയന്തര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സി ആവശ്യപ്പെട്ടു.
ലംഘനങ്ങൾ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും തലത്തിലേക്ക് ഉയർന്നിരിക്കുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമം, മനുഷ്യാവകാശ ചാർട്ടർ, തടവുകാരെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ, മറ്റു പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾ എന്നിവയിൽ അനുശാസിക്കുന്ന എല്ലാ മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഒ.ഐ.സി പറഞ്ഞു.
വധശിക്ഷ, പീഡനം, പട്ടിണി, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇതിലുൾപ്പെടുന്നു. പ്രത്യേകിച്ച് ഗസ്സയിൽനിന്നുള്ള തടവുകാർക്കെതിരെ ഒറ്റപ്പെടുത്തലും നിർബന്ധിത തിരോധാനവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ അധിനിവേശ ജയിലുകളിൽ 18 തടവുകാർ രക്തസാക്ഷികളായി.
80 വനിതാ തടവുകാർ, 52 പത്രപ്രവർത്തകർ, 250ലധികം കുട്ടികൾ, ആരോപണവും വിചാരണയില്ലാതെയുള്ള 3,380ലധികം തടവുകാർ, ജീവപര്യന്തം തടവ് അനുഭവിക്കുന്ന 600 തടവുകാർ എന്നിവയുൾപ്പെടെ ഫലസ്തീൻ തടവുകാരുടെ എണ്ണം 9,700 ആയി ഉയർന്നിരിക്കുന്നുവെന്ന് ഒ.ഐ.സി പറഞ്ഞു.
ഇസ്രായേലിന്റെ ക്രൂരമായ കുറ്റകൃത്യങ്ങളുടെയും ആയിരക്കണക്കിന് ഫലസ്തീൻ തടവുകാർക്കെതിരായ അവകാശ ലംഘനങ്ങളുടെയും തുടർച്ചയിൽ ഒ.ഐ.സി ആശങ്ക പ്രകടിപ്പിച്ചു. ഇസ്രായേൽ സേന ആരംഭിച്ച ഏകപക്ഷീയമായ തടങ്കൽ കാമ്പയിനുകളെ ഒ.ഐ.സി അപലപിച്ചു.
അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സ്ഥാപനങ്ങളോടും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ തടവുകാരെ കൈകാര്യം ചെയ്യാൻ ഇസ്രായേലി അധികാരികളെ ബാധ്യസ്ഥരാക്കാൻ പ്രവർത്തിക്കാനും ഒ.ഐ.സി ആവശ്യപ്പെട്ടു.
ഫലസ്തീൻ തടവുകാരുടെ അവകാശങ്ങൾക്കായുള്ള ഐക്യദാർഢ്യവും സഹായവും അവരുടെ സ്ഥിരതക്കുള്ള പിന്തുണയും ആവർത്തിക്കുന്നു. അവർക്ക് സ്വാതന്ത്ര്യവും നീതിയും നേടുന്നതിനായി അവരുടെ സന്ദേശവും കഷ്ടപ്പാടുകളും അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാൻ പ്രവർത്തിക്കാൻ പ്രതിബദ്ധമാണെന്നും ഒ.ഐ.സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.