മലപ്പുറത്തെ 350 രോഗികൾക്ക് സാന്ത്വനമായി ‘റിമാൽ’ കൂട്ടായ്മ
text_fieldsറിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘റിമാൽ’ എല്ലാ വർഷവും നടത്തുന്ന ‘റിമാൽ സാന്ത്വനം’ കർമപരിപാടിയുടെ ഈ വർഷത്തെ നിർവഹണം പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. മാരക രോഗങ്ങൾ കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവരശേഖരണം, കുടുംബങ്ങളിൽ നേരിട്ട് എത്തിയുള്ള സാന്ത്വനം, അർഹിക്കുന്നവർക്ക് സാമ്പത്തിക സഹായം എന്നിവയാണ് റിമാൽ സാന്ത്വനം പദ്ധതിയുടെ പ്രവർത്തനങ്ങൾ.
മലപ്പുറം മുനിസിപ്പാലിറ്റിയും സമീപത്തുള്ള ഒമ്പതു പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന റിമാൽ പരിധിയിൽപെട്ട ഏറ്റവും അർഹരായ ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ, പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികൾ എന്നീ ഗണത്തിലെ 350 രോഗികൾക്ക് സഹായ വിതരണം നടത്തി. പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാൽ പരിധിയിൽപെട്ട പഞ്ചായത്തുകൾ.
ആവശ്യവും അർഹതയും അനുസരിച്ച കുടുംബങ്ങൾക്കുവേണ്ടി ഇടപെടലുകൾ തുടരാനും റിമാൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. റിയാദിലെ മലപ്പുറത്തുകാരായ സാധാരണ പ്രവാസികൾ നൽകുന്ന ചെറിയ തുകകൾ സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്. ഭീമമായ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർധനരായ രോഗികൾക്കും റിമാൽ സഹായം നൽകി. കൂടാതെ റിയാദിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങിവന്നവർക്ക് തുടർ ചികിത്സക്കുള്ള സഹായം, രോഗപ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.