കലാപം; ജാഗ്രത പാലിക്കാൻ ഫ്രാൻസിലെ സൗദി പൗരന്മാർക്ക് നിർദേശം
text_fieldsറിയാദ്: ഫ്രാൻസിലുള്ള സൗദി പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും പ്രതിഷേധ സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കാനും പാരിസിലെ സൗദി അറേബ്യൻ എംബസി അഭ്യർഥിച്ചു. ഇക്കാര്യത്തിൽ ഫ്രഞ്ച് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാൻ സൗദി വിദ്യാർഥികളോടും അവരുടെ കുടുംബങ്ങളോടും എംബസി ആവശ്യപ്പെട്ടു.
ട്രാഫിക് പരിശോധനക്കിടെ വാഹനം നിർത്താതെ പോയ 17 കാരൻ പൊലീസിെൻറ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നതിനിടെയാണ് എംബസിയുടെ നിർദേശം.
അൽജീരിയൻ വംശജനായ നിഹാൽ എന്ന ഡെലിവറി ബോയിയാണ് വെടിയേറ്റ് മരിച്ചത്. ഇതേതുടർന്ന് തലസ്ഥാനമായ പാരീസിെൻറ പ്രാന്തപ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം അതിവേഗം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടർന്ന് അധികൃതർ പല പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചു. പാരീസിെൻറ പ്രാന്തപ്രദേശമായ നാൻടെറെയിലെ ട്രാഫിക് ചെക്ക് പോയൻറിന് സമീപമാണ് നിഹാലിന് വെടിയേറ്റത്.
അക്രമം നീതീകരിക്കാനാവാത്തതാണെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ 492 കെട്ടിടങ്ങൾ അക്രമികൾ തകർത്തതായും 2,000 ലേറെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായും അടിയന്തര മന്ത്രിസഭ യോഗത്തിൽ അറിയിച്ചു. 2024 ലെ പാരിസ് ഒളിമ്പിക്സിന് മുന്നോടിയായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന അക്വാറ്റിക് പരിശീലന കേന്ദ്രവും പരിസരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അഗ്നിക്കിരയായി.
ഫ്രാൻസ് കൂടാതെ സ്വിറ്റ്‌സർലൻഡിലെ സൗദി കൾചറൽ അറ്റാഷെയും സ്കോളർഷിപ്പ് വിദ്യാർഥികളും മറ്റുള്ളവരും അവരുടെ കുടുംബങ്ങളും അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്നും അശാന്തി നിലനിൽക്കുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ +33630243383 എന്ന നമ്പരിൽ ബന്ധപ്പെടാനും എംബസിയുമായി ആശയവിനിമയം നടത്താനും പാരിസിലെ സൗദി എംബസി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.