തർത്തീൽ ഹോളി ഖുർആൻ മത്സരം: ബത്ഹ ഈസ്റ്റ് കിരീടം നിലനിർത്തി
text_fieldsറിയാദ്: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് സിറ്റി സംഘടിപ്പിച്ച അഞ്ചാമത് സെൻട്രൽ തല തർത്തീൽ ഹോളി ഖുർആൻ മത്സരം സമാപിച്ചു. തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് എന്നീ ഇനങ്ങളിൽ വിവിധ സെക്ടർ തല മത്സരങ്ങളിൽ വിജയികളായ വിവിധ ഇന്ത്യൻ സംസ്ഥാനക്കാരായ പ്രതിഭകൾ മാറ്റുരച്ചു. നിലവിലെ ചാമ്പ്യന്മാരായ ബത്ഹ ഈസ്റ്റ് കിരീടം നിലനിർത്തി. അസീസിയ, മുസാഹ്മിയ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ പ്രതിഭക്കുള്ള ജൈസെത്തു റയ്യാൻ അവാർഡിന് ബത്ഹ ഈസ്റ്റിൽ നിന്നുള്ള അഹ്മദ് ഫായിസ് അർഹനായി. പരിപാടിയോടനുബന്ധിച്ച് ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
സമാപന സംഗമത്തിൽ അബ്ദുൽ നാസർ അഹസനി അധ്യക്ഷത വഹിച്ചു. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾ ചെയർമാൻ അലി കുഞ്ഞി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഗൾഫ് കൗൺസിൽ പ്രവർത്തക സമിതിയംഗം കബീർ ചേളാരി വിജയികളെ പ്രഖ്യാപിച്ചു. സലിം പട്ടുവം, സ്വാദിഖ് സഖാഫി കൊളത്തൂർ, ഉമർ മുസ്ലിയാർ പന്നിയൂർ, ഹസൈനാർ മുസ്ലിയാർ, ഹാഫിള് ഫാറൂഖ് സഖാഫി, അമീൻ ഓച്ചിറ, ഹനീഫ് മാസ്റ്റർ, അനസ് അമാനി തുടങ്ങിയവർ സംബന്ധിച്ചു. നൗഷാദ് സ്വാഗതവും മുഹമ്മദ് റോഷിൻ മാന്നാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.