‘റിസ്കോൺ’ കോൺക്ലേവ് വെള്ളിയാഴ്ച റിയാദിൽ
text_fieldsറിയാദ്: സാങ്കേതിക വിദ്യ നയിക്കുന്ന ആധുനിക ലോകക്രമത്തിൽ വിദ്യാഭ്യാസവും കരിയറും കൃത്യമായ പ്ലാനിങ് അനിവാര്യമാണെന്നും അതേ കുറിച്ച് വിദ്യാർഥികളിൽ അവബോധമുണ്ടാക്കാൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി സ്റ്റുഡന്റ്സ് വിങ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാളെയുടെ വെല്ലുവിളികൾ തിരിച്ചറിഞ്ഞു പഠന നൈപുണ്യം തെളിയിച്ച് മികച്ച കരിയർ കണ്ടെത്താൻ വിദ്യാർഥികളെ സജ്ജരാക്കാനും അതോടൊപ്പം ധാർമിക മാനവിക മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിതം സാർഥകമാക്കാനും വിദ്യാർഥി സമൂഹത്തെ ബോധവത്കരിക്കാൻ സംഘടിപ്പിക്കുന്ന ‘റിസ്കോൺ റിയാദ് ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺക്ലേവ്’ വെള്ളിയാഴ്ച റിയാദിൽ നടക്കും. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന കോൺക്ലേവ് റിയാദ് എക്സിറ്റ് 18 ലെ മാലികി കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ നടക്കും.
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന ഇന്റൽ അമേരിക്കയിലെ ഡിസൈൻ എൻജിനീയറും മദ്രാസ് ഐ.ഐ.ടി ബിരുദാനന്തര ബിരുദ ധാരിയും സാൻഡി സി.ഇ.ഒയുമായ സി. മുഹമ്മദ് അജ്മൽ മുഖ്യാതിഥിയായി പങ്കെടുക്കും. ‘ലെറ്റ് സെറ്റ് ഗോ’ എന്ന ശീർഷകത്തിൽ വിദ്യാഭ്യാസം, പരീക്ഷ എളുപ്പമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ടെക്നോളജിയും വിദ്യാഭ്യാസവും, കരിയർ, ഇന്ത്യയിലെ ഉപരിപഠന സാധ്യതകൾ, മത്സര പരീക്ഷകൾ, വിദേശ പഠനം സാധ്യതകൾ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളുമായി സംവദിക്കും. റിയാദിലെ മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഗല്ലോപ് ഇന്റർ സ്കൂൾ ക്വിസ് മത്സര ഫൈനൽ റൗണ്ട് കോൺക്ലേവ് വേദിയിൽ നടക്കും. സി. മുഹമ്മദ് അജ്മൽ ക്വിസ് മാസ്റ്ററായ ഫൈനൽ റൗണ്ടിൽ വിജയികളാവുന്നവർക്ക് ഒന്നാം സമ്മാനമായി ഇലക്ട്രിക് സ്കൂട്ടർ, രണ്ടാം സമ്മാനം ലാപ്ടോപ്, മൂന്നാം സമ്മാനം ടാബ്ലെറ്റ് എന്നിവക്ക് പുറമെ 30 പേർക്ക് ആകർഷകമായ മറ്റ് സമ്മാനങ്ങളും ലഭിക്കും.
കോൺക്ലേവിൽ വിവിധ സെഷനുകളിൽ ‘അടിത്തറയാണ് ആധാരം’ എന്ന വിഷയത്തിൽ ഉവൈസ് ഹാറൂൺ, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ജിദ്ദ, ‘തണലേകിയവർക്ക് തുണയാകാം’ എന്ന വിഷയത്തിൽ ഷാനിബ് അൽ ഹികമി, ‘പ്രവാചകൻ നിത്യ മാതൃക’ എന്ന വിഷയത്തിൽ മുഹമ്മദ് റോയ് കാൾ ആൻഡ് ഗൈഡൻസ് സെന്റർ റൗദ, ‘കൗമാരം; കടമയും കരുതലും’ ഓപൺ ഫോറത്തിൽ നൂറുദ്ദീൻ സ്വലാഹി മദീന യൂനിവേഴ്സിറ്റി, എൻജി. ഉമർ ശരീഫ് എന്നിവർ വിദ്യാർഥികളുമായി സംവദിക്കും.
ടി.ടി.ജെ ക്ലബ് ലോഞ്ചിങ് സൗദി ഇസ്ലാഹി നാഷനൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി പുളിക്കൽ നിർവഹിക്കും. ‘മധുരം ഖുർആൻ’ സെഷനിൽ ശാമിൽ ബഷീർ, സംഹാൻ ശരീഫ് എന്നിവർ നേതൃത്വം നൽകും. സമാപന സെഷൻ ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂക് വേങ്ങര ഉദ്ഘാടനം നിർവഹിക്കും. ജനറൽ കൺവീനർ ജഅ്ഫർ പൊന്നാനി അധ്യക്ഷത വഹിക്കും. ഗാലോപ്പ് ഇന്റർ സ്കൂൾ ക്വിസ് കോമ്പറ്റീഷൻ വിജയികൾക്കുള്ള സമ്മാനവിതരണം അഡ്വ. ഹബീബ് റഹ്മാൻ, മൊയ്തു അരൂർ എന്നിവർ നിർവഹിക്കും. അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നടത്തും. ഫിനാൻസ് വിങ് ചെയർമാൻ അഷ്റഫ് തേനാരി, സൗദി ഇസ്ലാഹി സെൻട്രൽ റീജനൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ കുപ്പോടൻ, ആർ.ഐ.സി.സി സ്റ്റുഡന്റ്സ് വിങ് ചെയർമാൻ ഷഹജാസ് പയ്യോളി, കൺവീനർ സുൽഫിക്കർ പാലക്കാഴി, ആദിൽ സെർഹാൻ കൊല്ലം, ഷഹീൻ അൽ ഹികമി എന്നിവർ സംസാരിക്കും.
എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 0538357385 എന്ന നമ്പറിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ സി. മുഹമ്മദ് അജ്മൽ, ഉമർ ഫാറൂഖ് വേങ്ങര, ജഅ്ഫർ പൊന്നാനി, ഷാനിബ് അൽ ഹികമി, ഷഹജാസ് പയ്യോളി, നബീൽ പയ്യോളി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.