പ്രവാസ ഹൃദയങ്ങളിൽ പെയ്തിറങ്ങി റിയാദ് ബീറ്റ്സ്
text_fieldsറിയാദ്: പ്രവാസ ഹൃദയതാളങ്ങളിൽ ശ്രുതിമധുരം പകർന്ന് ‘റിയാദ് ബീറ്റ്സ്’. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പെയ്തിറങ്ങിയ കുളിർമഴ പോലെ അവർ മനസ്സ് നിറഞ്ഞ് ആസ്വദിച്ചു. ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രൻഡ്’ ആപ്പും ചേർന്നൊരുക്കിയ ‘റിയാദ് ബീറ്റ്സ്’ മെഗാ ഷോയെ റിയാദിലെ മലയാളി സമൂഹം അക്ഷരാർഥത്തിൽ ഹൃദയത്തിലേറ്റുവാങ്ങി. വൈകീട്ട് 6.45ന് പരിപാടികൾക്ക് തുടക്കം കുറിച്ചു. യുവഗായകൻ ജാസിം ജമാലിന്റെ ‘അള്ള തന്ന പൊരുൾ...’ എന്ന പാട്ടോടെയാണ് അരങ്ങുണർന്നത്.
വേദിയിൽനിന്ന് കണ്ണോ കാതോ നിമിഷാർധംപോലും മാറ്റാൻ അവസരം നൽകാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മാന്ത്രിക ട്രിക്കുകളുമായി മിഥുൻ രമേഷ് വേദി കൈയടിക്കിയതോടെ മുഴുവൻ പ്രേക്ഷകരും റിയാദ് ബീറ്റ്സിന്റെ താളത്തിൽ ലയിച്ചുചേർന്നു. നഗരഹൃദയമായ മലസിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ റൂഫ് അരീനയിൽ ഒരുക്കിയ പരിപാടിയിലേക്ക് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ കുടുംബങ്ങളടക്കമുള്ള പ്രേക്ഷകർ ഒഴുകിത്തുടങ്ങിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരുന്നവരായിരുന്നു അധികവും. വൈകിയെത്തുന്നവർക്കായി പരിപാടി സ്ഥലത്ത് ടിക്കറ്റ് കൗണ്ടറുകൾ ഒരുക്കിയിരുന്നെങ്കിലും വൈകുന്നേരത്തോടെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നതിനാൽ നിരവധി പേർക്ക് നിരാശരായി മടങ്ങേണ്ടിവന്നു. വൈകീട്ട് 7.30ഓടെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ ഉൾപ്പെടെ അണിനിരന്നു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ചുമതലയേറ്റ് സൗദി അറേബ്യയിൽ എത്തിയ ശേഷം ഏറ്റവും വിസ്മയിപ്പിച്ച ജനസദസ്സിനെയാണ് ഇവിടെ കണ്ടതെന്നും ഇത് ഇന്ത്യക്കാരുടെ ഐക്യബോധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച പരിപാടി ഇന്ത്യ-സൗദി സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായ ഏറ്റവും മികച്ച പ്രവർത്തനമാണ്. ഇന്ത്യക്കാർക്ക് സൗദിയിൽ വലിയ സ്ഥാനമാണുള്ളത്. ഇക്കഴിഞ്ഞ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോൾ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത് സൗദിയിലുള്ള ഇന്ത്യൻ പൗരന്മാരെ സ്വന്തം പൗരന്മാരെ പോലെയാണ് തങ്ങൾ കാണുന്നത് എന്നാണ്. അത് ഇന്ത്യൻ പ്രവാസികൾക്ക് ലഭിക്കുന്ന വലിയ ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ആമുഖ ഭാഷണം നടത്തി. ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് ആശംസകൾ നേർന്നു. എംബസി സെക്കൻഡ് സെക്രട്ടറി മുഹമ്മദ് ഷബീർ, ഇമ്പക്സ് മിഡിലീസ്റ്റ് സി.ഒ.ഒ സിറാജുദ്ദീൻ അബ്ദുല്ല, ഫൗരി മണി ട്രാൻസ്ഫർ റീജനൽ മാനേജർ ഹാനി അൽഗാംദി, ഹോട്ട്പാക് വൈസ് പ്രസിഡൻറ് സുഹേൽ അബ്ദുല്ല, എസ്.ടി.സി പേ സീനിയർ മാനേജ്മെൻറ് സ്പെഷലിസ്റ്റ് മുഹമ്മദ് അൽ കുറൈനീസ്, ഗൾഫ് മാധ്യമം ആൻഡ് മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, റിയാദ് കമ്മിറ്റി രക്ഷാധികാരി താജുദ്ദീൻ ഓമശ്ശേരി, ഇ.ആർ ഇവൻറ് ഡയറക്ടർ ഹൈഫ നാജി എന്നിവർ സംബന്ധിച്ചു. തുടർന്ന് ഷോയിലെ പ്രധാന അതിഥി പ്രശസ്ത ചലച്ചിത്ര താരം ഭാവന വേദിയിലെത്തിയതോടെ സദസ്സ് ഇളകിമറിഞ്ഞു. ഹാസ്യസാമ്രാട്ട് രമേശ് പിഷാരടിയും കൂടി വേദിയിലെത്തിയതോടെ ആവേശം അലതല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.