റിയാദ് ബീറ്റ്സ്; ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന മഹാ സംഗീതോത്സവം
text_fieldsറിയാദ്: ഓണപ്പൂവിളികൾ വിട ചൊല്ലവെ മരുഭൂമിയിലെ മലയാള മനസ്സുകൾക്ക് പിറന്ന നാടിന്റെ ഹൃദയതാളങ്ങളുമായി ഒരു സംഗീതനിശ. പ്രവാസത്തിന്റെ വിരസതയിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ താളങ്ങൾ കണ്ടെത്താൻ ‘റിയാദ് ബീറ്റ്സ്’ എന്നപേരിൽ ‘ഗൾഫ് മാധ്യമ’വും ‘മി ഫ്രൻഡ്’ ആപ്പുമാണ് ഷോ സംഘടിപ്പിക്കുന്നത്. സൗദി തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മലസ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഓപൺ ടെറസ്സിലാണ് സംഗീതസായാഹ്നം അരങ്ങേറുന്നത്.
എണ്ണായിരത്തോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ വേദിക്കരികെ കാർ പാർക്കിങ്ങിനും ആവശ്യമായ സൗകര്യമുണ്ട്. എക്സിറ്റ് 15ന്റെയും 16ന്റെയും മധ്യത്തിലാണ് ലുലു ഹൈപ്പർ മാർക്കറ്റ് റൂഫ് അറീന സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നും വേഗത്തിൽ എത്താൻ സാധിക്കും. സെപ്റ്റംബർ 29ന് വൈകീട്ട് ആറിനാണ് പാട്ടിന്റെ പാലാഴി തീർക്കുന്ന ആഘോഷരാവിന് തുടക്കം കുറിക്കുന്നത്.
മലയാളത്തിന്റെ പ്രിയ ഗായകർക്കും കോമഡി ആർട്ടിസ്റ്റുകൾക്കും പുറമെ നടി ഭാവനയാണ് മുഖ്യാതിഥി. രമേശ് പിഷാരടി, മിഥുൻ രമേശ്, വിധു പ്രതാപ്, ആൻ ആമി, ജാസിം ജമാൽ, അശ്വന്ത് അനിൽ കുമാർ, ശിഖ പ്രഭാകർ തുടങ്ങി നിരവധി കലാകാരന്മാർ വേദിയിൽ അണിനിരക്കും.
റിയാദിനെ ഇളക്കിമറിച്ച ‘അഹ്ലൻ കേരള’ ഇന്ത്യൻ മഹോത്സവം, ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ വിഖ്യാത ഗായകർക്കുള്ള ആദരമായി നടത്തിയ ‘മെമ്മറി ഓഫ് ലജൻഡ്സ്’, വിദ്യാഭ്യാസ പരിപാടിയായ ‘എജു കഫെ’ തുടങ്ങിയ മെഗാ ഇവൻറുകൾക്കു ശേഷം വലിയൊരു ഇടവേള പിന്നിട്ടാണ് വീണ്ടും ഗൾഫ് മാധ്യമം റിയാദിൽ പുതിയ സംഗീതപരിപാടി അവതരിപ്പിക്കാനൊരുങ്ങുന്നത്.
പാട്ടിന്റെ പുതുവഴികൾ അന്വേഷിക്കുന്ന ന്യൂജെൻ ഗായകരും ചിരിയുടെയും ചിന്തയുടെയും ചെപ്പ് തുറക്കുന്ന ഹാസ്യ കലാകാരന്മാരും അണിനിരക്കുന്ന ‘റിയാദ് ബീറ്റ്സ്’ റിയാദ് നഗരത്തിലെ സംഗീത കലാസ്വാദകർക്ക് ഹരം പകരും. സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും പരിഗണിക്കുന്ന രീതിയിൽ മിതമായ നിരക്കിലുള്ള പ്രവേശന പാസുകളാണ് ഒരുക്കിയിട്ടുള്ളത്.
റെഡ് കാർപെറ്റ്, പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ് എന്നീ കാറ്റഗറികളായി തിരിച്ചാണ് ഇരിപ്പിടങ്ങൾ. ലുലു ഔട്ട്ലറ്റുകളിൽനിന്നും നഗരത്തിലെ വിവിധ മലയാളി സ്ഥാപനങ്ങളിൽനിന്നും പ്രവേശന ടിക്കറ്റുകൾ ലഭിക്കും. ‘ഗൾഫ് മാധ്യമം’ ഓഫിസിനെയും പ്രതിനിധികളെയും നേരിട്ടും സമീപിക്കാവുന്നതാണ്.
റിയാദിന്റെ സമീപപ്രദേശങ്ങളായ അൽ ഖർജ്, മുസാഹ്മിയ, ശഖ്റാ എന്നിവിടങ്ങളിലും ടിക്കറ്റുകൾ ലഭിക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് നിരക്ക്
- റെഡ് കാർപറ്റ് ഫാമിലി (നാലുപേർ): 1000 റിയാൽ
- റെഡ് കാർപറ്റ് സിംഗിൾ (ഒരാൾ): 300 റിയാൽ
- പ്ലാറ്റിനം ഫാമിലി (നാലുപേർ): 500 റിയാൽ
- പ്ലാറ്റിനം സിംഗിൾ (ഒരാൾ): 150 റിയാൽ
- ഡയമണ്ട് ഫാമിലി (നാലുപേർ): 250 റിയാൽ
- ഡയമണ്ട് സിംഗിൾ (ഒരാൾ): 75 റിയാൽ
- ഗോൾഡ് സിംഗിൾ (ഒരാൾ): 40 റിയാൽ
കൂടുതൽ വിവരങ്ങൾക്ക് 0504507422, 0559576974 നമ്പറുകളിൽ ബന്ധപ്പെടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.